2022 പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യമായി പ്ലേയോഫില്‍ എത്തുന്ന ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറി. ലക്നൗ സൂപ്പര്‍ ജയന്‍റസിനെ 62 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നയിക്കുന്ന ടീം പ്ലേയോഫില്‍ യോഗ്യത നേടിയത്. ഗുജറാത്ത് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ 82 റണ്‍സിനു എല്ലാവരും പുറത്തായി. 6 ഓവറുകളോളം ബാക്കി നില്‍ക്കേ ആധികാരിക വിജയമാണ് ഗുജറാത്ത് നേടിയത്.
തന്‍റെ കളിക്കാരെക്കുറിച്ച് അഭിമാനമുണ്ടെന്ന് മത്സരശേഷം ഹാര്‍ദ്ദിക്ക് പാണ്ട്യ പ്രതികരിച്ചു. ” ഞങ്ങൾ ഒരുമിച്ച് ഈ യാത്ര ആരംഭിച്ചപ്പോൾ, ഞങ്ങള്‍ ഞങ്ങളിൽ തന്നെ വിശ്വസിച്ചിരുന്നു, പക്ഷേ 14-ാം മത്സരത്തിനു മുന്‍പ് യോഗ്യത നേടിയത് ഒരു വലിയ പരിശ്രമവും ഞങ്ങളെ ഓർത്ത് ശരിക്കും അഭിമാനവുമാണ്. ”
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങളും ഹാര്‍ദ്ദിക്ക് പാണ്ട്യ മത്സര ശേഷം പറയുകയുണ്ടായി. ”മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ അവസാനിച്ചുവെന്ന് ഞങ്ങള്‍ കരുതി. അത് ഞങ്ങൾ പഠിച്ച ഒരു പാഠമായിരുന്നു. ഞങ്ങൾ വിജയിച്ച എല്ലാ ഗെയിമുകളും ഞങ്ങൾ എല്ലായ്പ്പോഴും സമ്മർദ്ദത്തിലായിരുന്നു. ഞങ്ങൾ മത്സരത്തില്‍ മുന്നിലുള്ള ഒരേയൊരു ഗെയിമായിരുന്നു അവസാന , മത്സരം. മത്സരം വിജയിക്കുമെന്ന് കരുതിയെങ്കിലും അത് നടന്നില്ലാ
” ഈ കളിയിൽ പോലും അവർ എട്ട് വിക്കറ്റ് വീണപ്പോള്‍ പറഞ്ഞു, ഒരു ദയയും വേണ്ട, മത്സരം അവസാനിച്ചില്ലാ എന്ന് വച്ചാല്‍ അവസാനിച്ചില്ലാ എന്നതാണ്. നമ്മുക്ക് ഫിനിഷ് ചെയ്യണം. അവര്‍ മത്സരത്തില്‍ പിന്നിലാണെങ്കില്‍, ഒന്നു കൂടി അവരെ താഴ്ത്തണം. അതിനു ശേഷം വിശ്രമിക്കാം ” മത്സരത്തിനിടെ പറഞ്ഞ വാക്കുകള്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ മത്സരത്തില്‍ അവിശ്വസിനീയമായി തോല്‍വി നേരിട്ടാണ് ഗുജറാത്ത് ഈ മത്സരം കളിക്കാന്‍ എത്തിയത്. മുംബൈക്കെതിരെ അവസാന ഓവറില്‍ 9 റണ്‍സ് വേണമെന്നിരിക്കെ 3 റണ്‍സ് മാത്രമാണ് ഗുജറാത്ത് ബാറ്റര്‍മാര്‍ക്ക് നേടാന്‍ കഴിഞ്ഞത്. ” ഞങ്ങള്‍ ഒരുമിച്ച് ജയിച്ചതിന്‍റെ ക്രഡിറ്റ് എങ്ങനെയാണോ എടുക്കുന്നത് അതുപോലെ തന്നെയാണ് തോല്‍വിയും. ആ ആള്‍ തോല്‍പ്പിച്ചു, ഈയാള്‍ തോല്‍പ്പിച്ചു എന്ന് പറയുന്നതിനേക്കാള്‍ ഞങ്ങള്‍ തോറ്റു എന്നാണ് പറയുന്നത്. ” ഹാര്‍ദ്ദിക്ക് തങ്ങളുടെ വിജയരഹസ്യം പറഞ്ഞു.