ഇന്ത്യന്‍ ടീമിലേക്ക് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ തിരിച്ചു വരവിനെ പറ്റി നിര്‍ണായക വിവരം നല്‍കി ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ. ശ്രീലങ്കന്‍ പരമ്പരക്കുള്ള സ്ക്വാഡ് പ്രഖ്യാപന വേളയിലാണ് ഹാര്‍ദ്ദിക്ക് പാണ്ട്യയെ പറ്റി സെലക്ടര്‍ പറഞ്ഞത്. ഫെബ്രുവരി 24 നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്നു ടി20 യും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ സെലക്ഷനു ഉണ്ടായിരുന്നില്ലാ. 2021 ടി20 ലോകകപ്പിനു ശേഷം ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തിരിച്ചെത്താന്‍ ഒരുക്കമാണ് എന്ന് അറിയിച്ചാല്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ ഉടന്‍ തന്നെ സെലക്ഷനില്‍ പരിഗണിക്കും എന്ന് ചേതന്‍ ശര്‍മ്മ അറിയിച്ചു.
പക്ഷേ 100 ശതമാനം ഫിറ്റ്നെസ് കൈവരിക്കണം എന്ന ഉപാധിയും ബിസിസിഐ വച്ചിട്ടുണ്ട്. ഫിറ്റ്‌നസും ബൗളിംഗും സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം ലഭിക്കുന്നതുവരെ സെലക്ഷൻ പാനലിന് ഹാര്‍ദ്ദിക്ക് പാണ്ട്യയെ ഇന്ത്യന്‍ ടീമിലേക്ക് വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഐപിഎല്ലില്‍ ഗുജറാത്തിനെ നയിക്കുന്നത് ഹാര്‍ദ്ദിക്ക് പാണ്ട്യയാണ്. മാര്‍ച്ച് അവസാനത്തോടെ ഹാര്‍ദ്ദിക്ക് പൂര്‍ണ്ണ ഫിറ്റ്നെസ് കൈവരിക്കും എന്നാണ് പ്രതീക്ഷ.
ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ അഭാവത്തില്‍ വെങ്കടേഷ് അയ്യര്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കുന്നത്. താക്കൂര്‍, ദീപക്ക് ചഹര്‍ എന്നിവരും ബാറ്റിംഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നുണ്ട്.