ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ ശാന്തത കൊണ്ട് ഒരു പേര് സൃഷ്ടിച്ച വ്യക്തിയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. പലരും ഇപ്പോൾ സഞ്ജു സാംസനെ മഹേന്ദ്ര സിംഗ് ധോണിയുമായി താരതമ്യം ചെയ്യാറുണ്ട്. മൈതാനത്ത് ധോണിയെ പോലെ തന്നെ യാതൊരു തരത്തിലും പ്രകോപനത്തിൽ വീഴാത്ത വ്യക്തിയാണ് സഞ്ജു സാംസൺ. അതിന് ഏറ്റവും വലിയ ഉദാഹരണം ഗുജറാത്തിനെതിരായ രാജസ്ഥാന്റെ മത്സരത്തിനിടെ ലഭിച്ചിരുന്നു. മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിലെ പവർപ്ലേയ്ക്കിടയിൽ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ സഞ്ജുവിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. അതിനെ സഞ്ജു മാനേജ് ചെയ്ത രീതിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.
മത്സരത്തിൽ രാജസ്ഥാൻ പവർപ്ലെയിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്. അതിനാൽ തന്നെ സഞ്ജു സാംസനടക്കം വലിയ രീതിയിലുള്ള സമ്മർദ്ദവും ഉണ്ടായിരുന്നു. ഈ സമയത്താണ് ഹർദിക്ക് പാണ്ഡ്യയുടെ പ്രകോപന ശ്രമം. മുഹമ്മദ് ഷാമി പന്തറിഞ്ഞശേഷം തന്റെ ബോളിംഗ് മാർക്കിലേക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് ഹർദിക്ക് പാണ്ഡ്യ ഓടി സഞ്ജു സാംസന്റെ പിന്നിലേക്കെത്തി. ശേഷം സഞ്ജുവിന്റെ ചെവിയിൽ കുറച്ചു വാക്കുകൾ സംസാരിക്കുകയും ചെയ്തു. അത്ര നല്ല സ്ലഡ്ജിങല്ല ഹർദിക്ക് പാണ്ഡ്യ നടത്തിയത് എന്ന് സഞ്ജുവിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു.
എന്നാൽ ഇതിനെ വളരെ സംയമനത്തോടെയാണ് സഞ്ജു സാംസൺ നേരിട്ടത്. സഞ്ജു പാണ്ഡ്യ പറഞ്ഞ വാക്കുകൾ കേട്ട് ശാന്തനായി തന്നെ മൈതാനത്ത് നിന്നു. തിരിച്ച് യാതൊന്നും തന്നെ പറയാൻ സഞ്ജു നിന്നില്ല. എന്നാൽ അടുത്ത പന്ത് മുതൽ സഞ്ജുവിന്റെ മറ്റൊരു രൂപമാണ് ഹർദിക്ക് പാണ്ഡ്യ കണ്ടത്. ഇന്നിംഗ്സിലെ എട്ടാം ഓവറിൽ ഒരു തകർപ്പൻ കവർ ഡ്രൈവ് കളിച്ചായിരുന്നു സഞ്ജു സാംസൺ ഹർദ്ദിക് പാണ്ഡ്യയുടെ ഈ പ്രവർത്തിക്ക് മറുപടി നൽകിയത്. ശേഷം സഞ്ജു ഗുജറാത്ത് ബോളർമാർക്ക് മേൽ നിറഞ്ഞാടി.
ഗുജറാത്ത് നിരയിലെ എല്ലാ ബോളർമാരും സഞ്ജുവിനെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. തന്നെ സ്ലെഡ്ജ് ചെയ്തവർക്ക് മുൻപിൽ നിന്നുകൊണ്ട് താണ്ഡവമാടുന്ന സഞ്ജുവിനെയാണ് കാണാൻ സാധിച്ചത്. റഷീദ് ഖാനെപ്പോലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന നിരയായിട്ടും സഞ്ജുവിനെ പിടിച്ചുകെട്ടാൻ ഗുജറാത്തിന് സാധിച്ചില്ല. മത്സരത്തിൽ 32 പന്തുകളിൽ 60 റൺസ് ആണ് സഞ്ജു സാംസൺ നേടിയത്. രാജസ്ഥാന്റെ വിജയത്തിൽ ഒരു പ്രധാന പങ്കു വഹിച്ചതും സഞ്ജുവിന്റെ ഈ ആക്രമണ മനോഭാവമായിരുന്നു. ഇതിന് ഒരു തരത്തിൽ ഹർദിക്കിനും നന്ദി പറയേണ്ടതുണ്ട്.