12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ മറ്റൊരു ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ വിജയഗാഥ.
ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് ഹർദിക് പാണ്ഡ്യ. ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് ശേഷമുള്ള തന്റെ ആഹ്ലാദത്തെ പറ്റി പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
“ഐസിസി ടൂർണമെന്റ്കളിൽ വിജയം സ്വന്തമാക്കുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ചാമ്പ്യൻസ് ട്രോഫിയിൽ. 2017ൽ ഞങ്ങൾ വിജയത്തിന് അടുത്ത് വരെ എത്തിയിരുന്നു. പക്ഷേ ആ സമയത്ത് വേണ്ട രീതിയിൽ ഞങ്ങൾക്ക് മത്സരം ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. ഇപ്പോൾ ടീമിലുള്ള എല്ലാവരും തങ്ങളുടെതായ രീതിയിൽ സംഭാവന നൽകിയിട്ടുണ്ട്. മത്സരം ഫിനിഷ് ചെയ്തത് രാഹുലാണ്. വളരെ അവിശ്വസനീയമായ പ്രകടനമാണ് രാഹുൽ കാഴ്ചവെച്ചത്. ശാന്തതയോടെ മൈതാനത്ത് തുടരാൻ അവന് സാധിച്ചു. കൃത്യമായ സമയങ്ങളിൽ സാധ്യതകൾ മുതലാക്കാനും രാഹുലിനു കഴിഞ്ഞു. അതാണ് രാഹുലിന്റെ പ്രത്യേകത എന്ന് ഞാൻ കരുതുന്നു. ഒരുപാട് പ്രതിഭയുള്ള താരമാണ് രാഹുൽ. അവനെപ്പോലെ പന്തിനെ നേരിടാൻ സാധിക്കുന്ന മറ്റൊരു ബാറ്റർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.”- പാണ്ഡ്യ പറയുകയുണ്ടായി.
അതേസമയം മത്സരത്തിന്റെ അവസാന സമയത്ത് തനിക്ക് വലിയ ടെൻഷൻ ഉണ്ടായിരുന്നു എന്ന് രാഹുൽ തുറന്നു പറഞ്ഞു. “ഇക്കാര്യം ക്യാമറയിൽ പറയാൻ സാധിക്കുമോ എന്ന് എനിക്കറിയില്ല. എന്നാൽ ആ സമയത്ത് എനിക്ക് വലിയ ടെൻഷനാണ് ഉണ്ടായിരുന്നത്. കാരണം കുറച്ചധികം ബാറ്റർമാർ കൂടി മൈതാനത്തേക്ക് എത്താൻ ഉണ്ടായിരുന്നു. ആ സമയത്ത് ശാന്തത പുലർത്താനാണ് ഞാൻ ശ്രമിച്ചത്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ 5 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ഇതേ രീതിയിൽ തന്നെ കളിക്കാനാണ് എനിക്ക് അവസരം ലഭിച്ചത്. ഇത്തരത്തിലുള്ള വിജയം സ്വന്തമാക്കി ഞങ്ങളുടെ ക്രിക്കറ്റ് ഉയരുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ് ഉള്ളത്.”- രാഹുൽ പറഞ്ഞു.
“ഒരുപാട് സമ്മർദ്ദങ്ങൾ ഏറ്റുവാങ്ങിയാണ് ഞങ്ങൾ ടൂർണമെന്റിന് എത്തിയത്. പ്രൊഫഷണൽ ക്രിക്കറ്റർമാർ എന്ന രീതിയിൽ ഒരുപാട് സമ്മർദ്ദങ്ങൾ ഞങ്ങൾക്ക് മേൽ ഉണ്ടായിരുന്നു. എന്നാൽ ബിസിസിഐ ഞങ്ങളെ വളരെ നന്നായി തന്നെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചു. ആഭ്യന്തര ക്രിക്കറ്റിലടക്കം വലിയ പരിശീലനങ്ങളാണ് ഞങ്ങൾക്ക് തന്നിരുന്നത്. എങ്ങനെ സമ്മർദ്ദ സാഹചര്യങ്ങളെ അതിജീവിക്കാം എന്ന് ഞങ്ങൾക്ക് കാണിച്ചു തന്നു. ഇത്തരം സാഹചര്യങ്ങളിൽ മികവ് പുലർത്താൻ പ്രധാനമായി മാറുന്നത് അത്തരം പരിചയസമ്പന്നതയാണ്.”- രാഹുൽ കൂട്ടിച്ചേർത്തു.