ഇന്ത്യ-ഓസ്ട്രേലിയ ആദ്യ മത്സരത്തിലെ ഒരു വീഡിയോ വളരെയധികം ശ്രദ്ധേയമായി മാറുകയാണ്. മത്സരത്തിൽ രോഹിത്തിന്റെ അഭാവത്തിൽ ഹർദിക്ക് പാണ്ട്യയായിരുന്നു ഇന്ത്യയെ നയിച്ചത്. ക്യാപ്റ്റൻ എന്ന നിലയിൽ ഹർദിക്ക് പാണ്ട്യയുടെ മൈതാനത്തെ പെരുമാറ്റം മുൻപും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതിരെയുള്ള വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മൈതാനത്ത് ഹർദിക് പാണ്ട്യയുടെ വിരാട് കോഹ്ലിയോടും മറ്റുമുള്ള പെരുമാറ്റം വ്യക്തമാക്കുന്നതാണ് വീഡിയോ.
ഒന്നാം ഏകദിനത്തിനിടയിൽ മൈതാനത്ത് ഹാർദിക് പാണ്ട്യ, സ്പിന്നർ കുൽദീപ് യാദവ് എന്നിവർ ചർച്ച നടത്തുകയായിരുന്നു. ശേഷം മുൻ ക്യാപ്റ്റനായ വിരാട് കോഹ്ലി ഹാർദിക് പാണ്ട്യയുടെ അടുത്തു വരികയും തീരുമാനമെടുക്കുന്നതിലുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ അത് കേൾക്കാൻ പോലും നിൽക്കാതെ ഹർദിക്ക് പാണ്ഡ്യ, വിരാട് സംസാരിക്കുന്നതിനിടെ മൈതാനത്തുനിന്ന് നടന്നു നീങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഇതുകണ്ട് കോഹ്ലി പെട്ടെന്ന് സംസാരം നിർത്തുകയും, തന്റെ ഫീൽഡിങ് പൊസിഷനിലേക്ക് തിരിച്ചു പോവുകയുമാണ് ചെയ്തത്. എന്നാൽ ഇതിനിടെ തന്റെ നിർദ്ദേശങ്ങൾ സ്പിന്നർ കുൽദീപിന് കോഹ്ലി കൈമാറുകയും ചെയ്തു. മുതിർന്ന താരവും മുൻ ഇന്ത്യൻ നായകനുമായ കോഹ്ലിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ പോലും ഹാർദിക് തയ്യാറല്ലേ എന്നാണ് ആരാധകർ ഈ സംഭവത്തിനുശേഷം സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. മുൻപും മൈതാനത്തെ പെരുമാറ്റങ്ങൾ മൂലം വളരെയധികം ചർച്ചയായ നായകത്വമാണ് ഹർദിക്ക് പാണ്ട്യയുടേത്. അതിനാൽതന്നെ വരും ദിവസങ്ങളിൽ പാണ്ട്യയുടെ പെരുമാറ്റത്തിലുള്ള പ്രത്യേകതകൾ സോഷ്യൽ മീഡിയ ശ്രദ്ധിക്കും എന്ന് ഉറപ്പാണ്.
ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം കണ്ടത്. കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യയെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിൽ എത്തുകയും ചെയ്തിരുന്നു. വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തിലും വിജയം കണ്ട് പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ.