ലോകകപ്പിൽ ഇന്ത്യയുടെ നട്ടെല്ല് ഈ 3 താരങ്ങൾ. ഇവർ തിളങ്ങിയാൽ ഇന്ത്യ കപ്പടിക്കുമെന്ന് ഹർഭജൻ.

2023 ഏകദിന ലോകകപ്പ് അടുത്തെത്തിയിരിക്കുകയാണ്. പരിക്കുകൾ മൂലം ഇന്ത്യൻ താരങ്ങളിൽ പലർക്കും ലോകകപ്പിൽ അണിനിരക്കാൻ സാധിക്കുമോ എന്ന കാര്യം പോലും ഇപ്പോഴും സംശയമാണ്. ഈ സമയത്ത് സന്തുലിതമായ ഒരു ടീം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ വെസ്റ്റിൻഡീസ് പര്യടനത്തെ നോക്കിക്കാണുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് തുടങ്ങിയ വമ്പൻ താരങ്ങൾ നിരയിലുണ്ട്. ഒപ്പം ജസ്പ്രീത് ബൂമ്ര കൂടി തിരിച്ചെത്തുന്നതോടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പൂർണമായും സജ്ജമാകും. എന്നാൽ 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാവാൻ പോകുന്ന മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഹർഭജൻ സിംഗ്.

രോഹിത് ശർമ, ശുഭമാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവരൊക്കെയാണ് 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നട്ടെല്ലാവാൻ പോകുന്നത് എന്നാണ് ഹർഭജൻ പറയുന്നത്. “ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഓപ്പണർമാരുടെ റോൾ വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ തന്നെ ഈ ലോകകപ്പിൽ രോഹിത് ശർമയുടെ പ്രകടനം ഇന്ത്യയ്ക്ക് വളരെയധികം നിർണായകമായി മാറിയേക്കും. ഇന്ത്യൻ ടീമിന്റെ ഭാഗമായി ശുഭ്മാൻ ഗില്ലും ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്. ഗില്ലിന് ഈ ലോകകപ്പിൽ കളിക്കാൻ സാധിക്കാതെ വന്നാൽ അത് വലിയൊരു ദൗർഭാഗ്യം തന്നെയാവുമെന്ന് ഞാൻ കരുതുന്നു. കാരണം ഇന്ത്യയുടെ നട്ടെല്ലായി മാറാൻ സാധിക്കുന്ന ഒരു ക്രിക്കറ്ററാണ് ഗിൽ.”- ഹർഭജൻ പറഞ്ഞു.

“ബോളിങ്ങിൽ ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷ വെച്ചിരിക്കുന്നത് രവീന്ദ്ര ജഡേജയിലാണ്. കഴിഞ്ഞ ഐപിഎല്ലിൽ വളരെ ഗംഭീരമായ പ്രകടനമായിരുന്നു ജഡേജ കാഴ്ചവച്ചത്. 16 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകൾ ഐപിഎല്ലിൽ സ്വന്തമാക്കാൻ ജഡേജയ്ക്ക് സാധിച്ചു.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളാവാൻ പ്രധാന കാരണം ജഡേജയുടെ മികച്ച പ്രകടനമായിരുന്നു. ഫൈനലിൽ സൂപ്പർ ഫിനിഷിങ്ങിലൂടെ ബാറ്റ് കൊണ്ടും ജഡേജ കരുത്തുകാട്ടുകയുണ്ടായി. ഈ പ്രകടനം 2023 ലോകകപ്പിലും ജഡേജ നടത്തേണ്ടതുണ്ട്.

എന്നാൽ ഹർഭജൻ സിങ് തന്റെ നിർണായക കളിക്കാരുടെ ലിസ്റ്റിൽ നിന്ന് വിരാട് കോഹ്ലിയെ ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും മുൻനിരയുടെ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യയുടെ ശക്തി. അതുകൊണ്ടുതന്നെ ബാറ്റർമാർ, വരുന്ന പര്യടനത്തിൽ തങ്ങളുടെ ഫോം തിരിച്ചുപിടിക്കും എന്നാണ് കരുതുന്നത്. ഒപ്പം സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾ ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടംപിടിക്കും എന്നാണ് പ്രതീക്ഷ.

Previous article“അന്ന് ധോണി ഫീൽഡിൽ വരുത്തിയ ആ മാറ്റം എന്റെ വിക്കറ്റ് കളഞ്ഞു”.. ധോണിയുടെ അത്ഭുത തന്ത്രത്തെ പ്രശംസിച്ച് ഇന്ത്യൻ യുവതാരം.
Next articleഈ തീരുമാനം ❛വിഡ്ഢിത്തം❜. നോട്ടൗട്ട് വിധിച്ചതില്‍ വിമര്‍ശനവുമായി മുന്‍ ഓസ്ട്രേലിയന്‍ താരം