ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കൂടി ഇന്ത്യ പരാജയമറിഞ്ഞതോടെ രോഹിത് ശർമ്മയ്ക്കെതിരെ വിമർശനങ്ങളുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്തെത്തുകയുണ്ടായി. ഇന്ത്യൻ നായകനായ സുനിൽ ഗവാസ്കർ രോഹിത് ശർമയെ വിമർശിച്ചുകൊണ്ട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ രോഹിത് ശർമയെ ചോദ്യശരങ്ങളുമായി ആക്രമിക്കുന്നത് ശരിയല്ല എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് എന്തുകൊണ്ടും ഇതിലേറെ ബഹുമാനങ്ങൾ അർഹിക്കുന്ന ക്രിക്കറ്ററാണെന്നും അദ്ദേഹത്തെ വേട്ടയാടുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലയെന്നും ഹർഭജൻ സിംഗ് പറയുന്നു. ഒരു പ്രമുഖ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
“രോഹിത് ശർമ്മയോടൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. അദ്ദേഹത്തെ എനിക്ക് വളരെയധികം അടുത്തറിയാം. ഈ സമയത്ത് ഇതിലേറെ ബഹുമാനം രോഹിത് അർഹിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. സമീപകാലത്തെ അയാളുടെ പ്രകടനത്തിന്റെ പേരിൽ ഇത്തരത്തിൽ വിമർശിക്കുന്നത് നീതിപരമല്ല. രോഹിത് തന്റെ ഫോമിലേക്ക് തിരിച്ചെത്തും. അതേപോലെതന്നെ ടീമിനെ മികച്ച പ്രകടനത്തിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്യും. ഈ സമയത്ത് നമ്മൾ അദ്ദേഹത്തിൽ കൂടുതൽ വിശ്വാസമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്.”- ഹർഭജൻ സിംഗ് പറയുന്നു.
“പക്ഷേ ഇത്തരത്തിൽ കൂട്ടം കൂടി രോഹിത്തിനെ ആക്രമിക്കരുത്. അതിനുപകരം അയാളെ ബഹുമാനിക്കാൻ തയ്യാറാവണം. ഇപ്പോൾ ഒരുപാട് ആളുകൾ ഒരു പരിധിവിട്ട് അയാളെ വിമർശിക്കുന്നത് കാണാം. ക്രിക്കറ്റ് ഒരു മത്സരമാണ്. ഒരു വ്യക്തിക്ക് മാത്രമായി ഒരു ടീമിനെ മറ്റൊരുതരത്തിലേക്ക് എത്തിക്കാൻ സാധിക്കില്ല. ഫൈനലിൽ മികച്ച നിലയിലേക്ക് ഉയർത്താനും സാധിക്കില്ല.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.
“തീർച്ചയായും നിങ്ങൾക്ക് രോഹിത്തിന്റെ പ്രകടനത്തെക്കുറിച്ച് ചർച്ച ചെയ്യാവുന്നതാണ്. അതിനുശേഷം മുന്നോട്ടുപോവുകയും ചെയ്യാം. എന്നാൽ റൺസ് കണ്ടെത്തുന്നില്ല, നന്നായി ടീമിനെ നയിക്കുന്നില്ല എന്നൊക്കെയുള്ള കാരണങ്ങൾ പറഞ്ഞ് രോഹിത്തിനെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അത്ര നല്ല കാര്യമല്ല. എന്റെ അഭിപ്രായത്തിൽ രോഹിത് ശർമ ഇപ്പോഴും മികച്ച നായകൻ തന്നെയാണ്.”- ഹർഭജൻ സിംഗ് പറഞ്ഞുവെക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പരാജയമറിഞ്ഞതോടെ ഗവാസ്കർ അടക്കമുള്ള മുൻ താരങ്ങൾ രോഹിത്തിനെതിരെ വിമർശനവുമായി എത്തിയിരുന്നു. 2013 ശേഷം ഇന്ത്യയ്ക്ക് ഐസിസി ഇവന്റുകളിൽ വിജയം നേടാൻ സാധിക്കാതെ പോയതിന്റെ വിമർശനവും രോഹിത്തിനെതിരെയാണ് നിലവിൽ പൊട്ടിപ്പുറപ്പെടുന്നത്. എന്തായാലും ഈ സാഹചര്യത്തിൽ വെസ്റ്റിൻഡീസിനെതിരായ പര്യടനം രോഹിത്തിനെ സംബന്ധിച്ച് വളരെ നിർണായകം തന്നെയാണ്.