ഐപിഎല്ലിലെ പതിനഞ്ചാം സീസൺ തുടങ്ങുന്നതിന് തൊട്ടു മുൻപാണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നായകസ്ഥാനം ജഡേജക്ക് ധോണി കൈമാറിയത്. നായകസ്ഥാനം ജഡേജ ഏറ്റെടുത്തതിന് ശേഷം മൂന്നു മത്സരങ്ങളായിരുന്നു താരത്തിന് കീഴിൽ ചെന്നൈ കളിച്ചത്. എന്നാൽ മൂന്നു മത്സരങ്ങളിലും നിലവിലെ ചാംപ്യന്‍മാര്‍ പരാജയപ്പെട്ടു. ആദ്യമായാണ് ഐപിഎൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോൽക്കുന്നത്.
എന്നാൽ ഇപ്പോൾ ജഡേജ വെറും ഡമ്മി നായകൻ ആണെന്നും കളി എല്ലാം നിയന്ത്രിക്കുന്നത് ധോണി ആണെന്നും തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ ഹർഭജൻ സിംഗ്.
സ്റ്റാർ സ്പോർട്സിലെ ടോക്ക് ഷോയിലൂടെയാണ് ഹർഭജൻ ഇക്കാര്യം തുറന്നു പറഞ്ഞത്. “എനിക്ക് തോന്നുന്നത് ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റൻ എന്നാണ്. ജഡേജയെ നോക്കുമ്പോൾ അദ്ദേഹം പലപ്പോഴും ഔട്ട് ഫീൽഡിൽ ആണ് ഫീൽഡ് ചെയ്യുന്നത്. അവിടെ നിന്ന് നിങ്ങൾക്ക് കളിയിലെ പല കാര്യങ്ങളും നിയന്ത്രിക്കാനാവില്ല. എനിക്ക് തോന്നുന്നത് ജഡേജ, ഫീൽഡ് സെറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ തലവേദന ഒക്കെ ധോണിയെ ഏൽപ്പിച്ചിരിക്കുകയാണ് എന്നാണ്.
തന്‍റെ തോളിൽ നിന്ന് ഫീൽഡ് സെറ്റിംഗ് പോലെ കുറച്ചു ഭാരം ധോണിയുടെ ചുമലിൽ വച്ചു കൊടുത്തിരിക്കുകയാണ്. ധോണിക്കു കീഴിൽ ജഡേജയെ നായകനാക്കിയത് ശരിയായ തീരുമാനം ആണ്. ബാറ്റിംഗ് ആയാലും ബൗളിംഗ് ആയാലും ആത്മവിശ്വാസമാണ് ജഡേജയുടെ കൈമുതൽ.
ചെന്നൈയുടെ ബാറ്റിംഗ് നിര മെച്ചപ്പെടുത്താൻ ഉണ്ട്. ബൗളിങ് നിര ദുർബലമാണ്. ക്യാപ്റ്റനെന്ന നിലയിൽ ജഡേജ പലതും തെളിയിക്കണം. അവന് കുറച്ചുകൂടെ സമയം നൽകണം. ഇതിന് ധോണി സഹായിക്കണം.”- ഹർഭജൻ പറഞ്ഞു.