ക്ഷമയുടെയും ബുദ്ധിശക്തിയുടെയും പര്യായമാണ് ക്രിക്കറ്റിന്റെ ടെസ്റ്റ് ഫോർമാറ്റ്. ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 താരങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ സ്പിന്നർ ഹർഭജൻ സിംഗ്. തന്റെ സാമൂഹ്യ മാധ്യമത്തിലെ ഒരു അഭിമുഖത്തിലാണ് ഹർഭജൻ 5 താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഇതിഹാസതാരവുമായ വിരാട് കോഹ്ലിയും, ഏറ്റവും മികച്ച സ്പിന്നറായ രവിചന്ദ്രൻ അശ്വിനും ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രധാനമായും ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും താരങ്ങൾക്ക് ആധിപത്യം നൽകിയാണ് ഹർഭജൻ ഈ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇരു ടീമുകളിൽ നിന്നും രണ്ടുപേർ വീതം ഹർഭജന്റെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരാൾ ഇംഗ്ലണ്ട് താരമാണ്. ഇങ്ങനെ ടെസ്റ്റിലെ അഞ്ച് മികച്ച താരങ്ങളെ പരിചയപ്പെടുത്തുകയാണ് ഹർഭജൻ.
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ പന്തിനെയാണ് ഹർഭജൻ ഏറ്റവും മികച്ച ടെസ്റ്റുകളിക്കാരിൽ ഒരാളായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഏകദിന മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും, ടെസ്റ്റ് മത്സരങ്ങളിൽ വമ്പൻ പ്രകടനം തന്നെയായിരുന്നു പന്ത് കാഴ്ചവെച്ചത്. ഇന്ത്യയിൽ മാത്രമല്ല വിദേശ പിച്ചുകളിലും ഏറ്റവും ആക്രമണോത്സുക രീതിയിലാണ് പന്ത് കളിച്ചിരുന്നത്. ഇപ്പോൾ പരിക്കിന്റെ പിടിയിലാണെങ്കിലും പന്ത് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച കളിക്കാരൻ തന്നെയാണ് എന്നാണ് ഹർഭജൻ പറയുന്നത്. ഹർഭജന്റെ ലിസ്റ്റിൽ രണ്ടാമതായി ഉള്ളത് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ്. എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ മാച്ച് വിന്നറാണ് രവീന്ദ്ര ജഡേജ. തന്റെ കരിയറിന്റെ തുടക്ക സമയത്ത് ബോളിങ്ങിലായിരുന്നു ജഡേജ കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നത്. എന്നാൽ നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിങ്ങിലും മികവ് പുലർത്താൻ ജഡേജയ്ക്ക് സാധിക്കുന്നുണ്ട്. നിലവിൽ ലോക ക്രിക്കറ്റിലെ ഓൾറൗണ്ടർമാരിൽ ഏറ്റവും മികച്ച താരം തന്നെയാണ് ജഡേജ.
ഓസ്ട്രേലിയയുടെ സൂപ്പർതാരം സ്റ്റീവൻ സ്മിത്താണ് ഹർഭജന്റെ ലിസ്റ്റിൽ മൂന്നാമത് എത്തിയിരിക്കുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് സ്റ്റീവ് സ്മിത്ത്. ഇതുവരെ 99 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയയ്ക്കായി സ്മിത്ത് കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 59 റൺസ് ശരാശരിയിൽ 9113 റൺസാണ് സ്മിത്ത് സ്കോർ ചെയ്തിരിക്കുന്നത്. തന്റെ കരിയറിൽ ഇതുവരെ 32 സെഞ്ചുറികളും 37 അർത്ഥസെഞ്ച്വറികളും സ്മിത്ത് വാരിക്കൂട്ടി. എന്തുകൊണ്ടും ഒരു ലെജൻഡ് ബാറ്റർ തന്നെയാണ് സ്മിത്ത്. ഇതുകൊണ്ടുതന്നെയാണ് ഹർഭജൻ ഏറ്റവും മികച്ച താരങ്ങളിൽ സ്മിത്തിനെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാലാമത്തെ താരം ഓസ്ട്രേലിയയുടെ സ്പിന്നർ നതാൻ ലയൺ ആണ്. കഴിഞ്ഞ സമയങ്ങളിൽ മറ്റു ടീമുകൾക്ക് വലിയ ഭീഷണിയായിട്ടുള്ള സ്പിന്നർ തന്നെയാണ് ലയൻ. 23 തവണയാണ് ലയൺ 5 വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.
തന്റെ ലിസ്റ്റിലെ അവസാന താരമായി ഹർഭജൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ നായകനായ ബെൻ സ്റ്റോക്സിനെയാണ്. പലപ്പോഴും ദുർഘടമായ സാഹചര്യത്തിൽ ഇംഗ്ലണ്ടിനായി അടിച്ചുതകർക്കാറുള്ള ബെൻ സ്റ്റോക്സാണ് ഹർഭജന്റെ ലിസ്റ്റിലെ അവസാനയാൾ. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേ പോലെ തന്നെ ടെസ്റ്റ് മത്സരങ്ങളിൽ പ്രഗൽഭ്യം പുലർത്താൻ സ്റ്റോക്സിന് കഴിഞ്ഞ സമയങ്ങളിൽ സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒരു അത്യുഗ്രൻ ഇന്നിംഗ്സും സ്റ്റോക്സ് കാഴ്ചവച്ചിരുന്നു. ഈ അഞ്ച് താരങ്ങളെയാണ് ഹർഭജൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചവരായി തിരഞ്ഞെടുത്തിരിക്കുന്നത്.