ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നിലവിൽ 2-0 എന്ന നിലയിലാണ് നിൽക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും കൃത്യമായ ആധിപത്യം ഓസ്ട്രേലിയൻ ടീമിന് മുകളിൽ നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ആരംഭിക്കാനിരിക്കെ, ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓസ്ട്രേലിയ വരുത്തിയ വലിയ പിഴവിനെ പറ്റിയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് സംസാരിക്കുന്നത്. ടീമിൽ സ്പിന്നർമാരെ തിരഞ്ഞെടുക്കുന്നതിൽ ഓസ്ട്രേലിയ വരുത്തിയ വലിയ പിഴവ് ഹർഭജൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
ആഷ്ടൻ ഏഗറെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇറക്കാതിരുന്നത് ഓസ്ട്രേലിയയെ ബാധിച്ചിട്ടുണ്ട് എന്ന് ഹർഭജൻ പറയുന്നു. “ഓസ്ട്രേലിയൻ ടീം പൂർണമായും പിഴവുകളാണ് ചെയ്യുന്നത്. ഇടംകയ്യൻ സ്പിന്നറായ ആഗറെ അവർ നിലവിൽ ടീമിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ആഗർ ആദ്യ മത്സരം മുതൽ കളിക്കേണ്ടതായിരുന്നു. ആഗർ ഓസ്ട്രേലിയയെ സംബന്ധിച്ച് നല്ലൊരു ഓപ്ഷൻ തന്നെയായിരുന്നു. മത്സരങ്ങളിൽ രണ്ട് ഓഫ് സ്പിന്നർമാരെ കളിപ്പിച്ചത് ഓസ്ട്രേലിയ ചെയ്ത വലിയ തെറ്റാണ്. ഏഗർ വളരെ കഴിവുള്ള ഒരു ബോളറാണ്.”- ഹർഭജൻ പറയുന്നു.
നിലവിൽ ഓസ്ട്രേലിയ ഏറെ താരങ്ങളെ തങ്ങളുടെ ടീമിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്. തങ്ങളുടെ ആഭ്യന്തര ക്രിക്കറ്റിൽ ഷഫീൽഡ് ഷീൽഡും മാർഷ് കപ്പും കളിക്കുന്നതിനായിയാണ് ഓസീസ് ആഗറെ ടീമിൽ നിന്ന് റിലീസ് ചെയ്തത്. നിലവിൽ മോശം ബാറ്റിംഗിന്റെ പേര് ഒരുപാട് വിമർശനങ്ങൾ കേൾക്കുന്ന ഓസ്ട്രേലിയയുടെ ഈ തീരുമാനവും അപ്രതീക്ഷിതമാണ്. മുൻപേ ഡേവിഡ് വാർണറും ഹേസൽവുഡും അടക്കമുള്ള താരങ്ങൾ പരിക്ക് മൂലം ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു.
മാർച്ച് ഒന്നിന് ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടക്കുന്നത്. ഒരു മത്സരം കൂടെ വിജയം കണ്ടാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനാവും. മറുവശത്ത് പൂർണ്ണമായും പ്രതിസന്ധിയിൽ തന്നെയാണ് ഓസ്ട്രേലിയ. വലിയൊരു തിരിച്ചുവരവിന് തന്നെയാണ് ഓസീസിന്‍റെ ശ്രമം.