2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയോട് കൂടി ഇന്ത്യൻ ടീമിനെ സംബന്ധിച്ചുള്ള ഏകദേശ ധാരണകൾ പുറത്തുവന്നിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയുടെ ബോളിംഗ് അറ്റാക്ക് സംബന്ധിച്ച് വലിയ രീതിയിലുള്ള പ്രതിസന്ധികൾ നിലനിൽക്കുകയാണ്.
പ്രത്യേകിച്ച് കൃത്യമായ രീതിയിൽ സ്പിന്നർമാരെ തിരഞ്ഞെടുക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ കുൽദീപ് യാദവും രവി ബിഷണോയുമാണ് ഇന്ത്യയുടെ സ്പിൻ നിരയ്ക്ക് നേതൃത്വം നൽകിയത്. എന്നാൽ ഇന്ത്യൻ 2024 ട്വന്റി20 ലോകകപ്പിലേക്ക് പോകുമ്പോൾ മറ്റൊരു താരത്തെയാണ് ഇന്ത്യ ഒന്നാം ചോയ്സ് സ്പിന്നറായി ഉൾപ്പെടുത്തേണ്ടത് എന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ പറയുന്നു.
ഇന്ത്യയുടെ ലെഗ് സ്പിന്നർ ചഹലിനെയാണ് ആദ്യ സ്പിന്നറായി ഇന്ത്യ ഉൾപ്പെടുത്തേണ്ടത് എന്ന് ഹർഭജൻ പറയുന്നു. “ഇന്ത്യൻ സ്ക്വാഡിലെ ആദ്യ ചോയ്സ് സ്പിന്നറായി ഞാൻ തിരഞ്ഞെടുക്കുന്നത് യുസ്‌വെന്ദ്ര ചഹലിനെയാണ്. അവൻ എപ്പോഴും അവഗണിക്കപ്പെടുകയാണ്. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവനും ഇതേ സംബന്ധിച്ച് ബോധ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ഇപ്പോഴാണെങ്കിലും ചഹലിനേക്കാൾ മികച്ച ഒരു ലെഗ് സ്പിന്നർ ഇന്ത്യയിലുണ്ടെന്ന് ഞാൻ കരുതുന്നില്ല.”
“മാത്രമല്ല അവന്റെ എത്ര ബുദ്ധിയുള്ള ഒരു സ്പിന്നറും നിലവിൽ നമുക്കില്ല. എല്ലായിപ്പോഴും കൃത്യമായ മനസ്സ് അവനുണ്ട്. എന്നെ സംബന്ധിച്ച് സ്ക്വാഡിലെ രണ്ടാം സ്പിന്നറായി ഞാൻ തിരഞ്ഞെടുക്കുന്നത് രവീന്ദ്ര ജഡേജയെയാണ്. വാഷിംഗ്ടൺ സുന്ദറിനെയും ഇന്ത്യയ്ക്ക് ഓഫ് സ്പിന്നറായി ഉപയോഗിക്കാം. എന്നിരുന്നാലും സെലക്ടർമാരും മാനേജ്മെന്റും കരുതുന്നത് വ്യത്യസ്തമായ രീതിയിലാണ്.”- ഹർഭജൻ പറഞ്ഞു.
“വെസ്റ്റിൻഡീസിലെ പിച്ച് ഇന്ത്യയിലെതിന് സമാനമാണ്. സ്പിന്നർമാർ അവിടെ ഒരു വലിയ റോൾ തന്നെ വഹിക്കും. ഞാൻ ഒരുപാട് സാഹചര്യങ്ങളിൽ വെസ്റ്റിൻഡീസിൽ കളിച്ചിട്ടുണ്ട്. എല്ലായിപ്പോഴും അവിടെ സ്പിന്നർമാർക്ക് ആനുകൂല്യവും ലഭിക്കാറുണ്ട്. പക്ഷേ കൃത്യമായ ഒരു ബോളിംഗ് നിരയെ തിരഞ്ഞെടുക്കേണ്ടത് നിർണായകമാണ്.
ഇന്ത്യൻ സാഹചര്യങ്ങൾക്ക് സമാനമായതിനാൽ തന്നെ നമ്മൾ മറ്റു സാഹചര്യങ്ങൾ അന്വേഷിക്കേണ്ടതില്ല. കണ്ടീഷൻസ് അനുസരിച്ച് കൃത്യമായ ഒരു ടീമിനെ നമ്മൾ പടുത്തുയർത്തണം. നമ്മുടെ സ്ക്വാഡിൽ കുറഞ്ഞത് മൂന്ന് സ്പിന്നർമാർ എങ്കിലും അണിനിരക്കണം.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യൻ ട്വന്റി20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ചഹൽ. ഇതുവരെ ഇന്ത്യക്കായി 96 വിക്കറ്റുകൾ ചഹൽ വീഴ്ത്തി കഴിഞ്ഞു. എന്നാൽ 2021ന് ശേഷം ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം ചഹലിന് ലഭിച്ചിരുന്നില്ല. 2022 ലോകകപ്പിൽ ഇന്ത്യ ചാഹലിനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരത്തിൽ പോലും കളിപ്പിച്ചിരുന്നില്ല.
എന്തായാലും ചഹലിന്റെ മടങ്ങിവരവ് ഇന്ത്യൻ ആരാധകർ വളരെ പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്ന ഒന്നാണ്. ലോകകപ്പിലൂടെ ഇങ്ങനെയൊരു മടങ്ങിവരവ് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.