ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഹര്‍ഭജന്‍ സിങ്ങ്. അനില്‍ കുംബ്ലെയോടാപ്പം എതിരാളികളെ കറക്കി വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്ങ് 2007, 2011 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 41 വയസ്സുകാരനായ താരം അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ധോണി നായകനായ ടീമില്‍ നിന്നും എങ്ങനെ പുറത്തായി എന്നതില്‍ മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഹര്‍ഭജന്‍ സിങ്ങ് പറഞ്ഞു.
” ടീമില്‍ ഉള്‍പ്പെടുത്താത്തതിന്‍റെ കാരണങ്ങള്‍ അറിയാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഉത്തരം ലഭിക്കാതെ വന്നപ്പോള്‍ ചോദിക്കുന്നതില്‍ യുക്തിയില്ലാ എന്ന് തിരിച്ചറിഞ്ഞു. നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലാ. അതാണ് സംഭവിച്ചത്. ” ഹര്‍ഭജന്‍ പറഞ്ഞു.
400ാം ടെസ്റ്റ് വിക്കറ്റ് നേടുമ്പോള്‍ 30 വയസ്സായിരുന്നു ഭാജിയുടെ പ്രായം. അതിനു ശേഷമുള്ള എട്ടോ ഒന്‍പതോ വര്‍ഷം കൊണ്ട് നൂറിലധികം വിക്കറ്റ് നേടാനാവുമായിരുന്നു എന്നായിരുന്നു ഭാജിയുടെ പ്രതീക്ഷ. പക്ഷേ പിന്നീട് അധികം അവസരം ലഭിച്ചില്ലാ. താന്‍ ടീമിലുണ്ടാകുന്നതില്‍ ആര്‍ക്കാണ് പ്രശ്നം. ഹര്‍ഭജന്‍ ചോദ്യം ഉന്നയിച്ചു.
ആ സമയത്ത് ക്യാപ്റ്റന്‍ ധോണി ആയിരുന്നെങ്കിലും എല്ലാം ധോണിയുടെ തലയില്‍ ഇടാന്‍ മുന്‍ സ്പിന്നര്‍ തയ്യാറായില്ലാ. ” ഒരു പരിധി വരെ ബിസിസിഐ ഒഫീഷ്യല്‍സ് ഇതിന്‍റെ ഭാഗമായിരുന്നു. അവര്‍ എന്നെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലാ. ക്യാപ്റ്റന് എന്നെ പിന്തുണക്കാമായിരുന്നു. ക്യാപ്റ്റന് ഒരിക്കലും ബിസിസിഐയുടെ മുകളിലാവാന്‍ കഴിയില്ലാ. ഇവിടെ ടീമിനേക്കാളും കോച്ചിനേക്കാളും ക്യാപ്റ്റനേക്കാളും മുകളിലായിരുന്നു ബിസിസിഐ ഒഫീഷ്യല്‍സ് ”ഹര്‍ഭജന്‍ വെളിപ്പെടുത്തി.
തന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരു ബയോപിക്ക് നിര്‍മ്മിക്കാന്‍ ആഗ്രഹം ഉണ്ടെന്നും ഭാജി പറഞ്ഞു. വില്ലന്‍ ആരായിരിക്കും എന്ന ചോദ്യത്തിനു ഒരാളല്ലാ ഒരുപാട് ഉണ്ടെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ മറുപടി.