അവനെ ഒഴിവാക്കിയത് ഇന്ത്യ കാട്ടിയ വലിയ വിഡ്ഢിത്തം. രാജസ്ഥാൻ താരത്തിനായി ഹർഭജൻ രംഗത്ത്.

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലെ ചില ലൂപ്പ് ഹോളുകൾ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ സ്പിന്നർ ചഹലിനെ ഉൾപ്പെടുത്താതിരുന്നതിനെ വിമർശിച്ചുകൊണ്ടാണ് ഹർഭജൻ സിംഗ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

ഏതു ത്രാസിൽ തൂക്കിയാലും ഇന്ത്യയുടെ സ്ക്വാഡിന്റെ ഭാഗമാവേണ്ട താരമായിരുന്നു ചാഹൽ എന്ന ഹർഭജൻ പറയുന്നു. ചാഹലിനെ ഉൾപ്പെടുത്താതിരുന്നത് ഇന്ത്യയുടെ സ്പിൻ വിഭാഗത്തെ കൂടുതൽ ദുർബലമാക്കി മാറ്റിയിട്ടുണ്ട് എന്നാണ് ഹർഭജൻ സിംഗ് ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും ലോകകപ്പിലൂടെ ചാഹൽ തിരിച്ച് ടീമിലെത്തുമേന്നും ഹർഭജൻ പ്രതീക്ഷിക്കുന്നു.

“ഇന്ത്യയുടെ ഏഷ്യാകപ്പ് ടീമിൽ സ്പിൻ വിഭാഗം അത്ര മികച്ചതല്ല. കാരണം പ്രധാനിയായ യുസ്വെന്ദ്ര ചാഹൽ ഇന്ത്യയുടെ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. നമ്മൾ സംസാരിക്കുന്നത് യഥാർത്ഥ സ്പിന്നർമാരെ കുറിച്ചാണെങ്കിൽ, ഇന്ത്യയിൽ, ഏകദിന ക്രിക്കറ്റിൽ ചാഹലാണ് ഏറ്റവും മികച്ച താരം. ചാഹലിനെക്കാൾ മികവുറ്റ മറ്റൊരു സ്പിന്നറുണ്ടെന്ന് ഞാൻ കരുതുന്നില്ല.

കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ചാഹൽ അത്ര മികച്ച പ്രകടനങ്ങളായിരുന്നില്ല കാഴ്ചവച്ചിരുന്നത്. പക്ഷേ ആ പ്രകടനങ്ങൾ കൊണ്ട് ചാഹൽ ഒരു മോശം ബോളറായി മാറുന്നില്ല. അതുകൊണ്ടുതന്നെ ചഹൽ ഏഷ്യാകപ്പിൽ ഇന്ത്യൻ സ്ക്വാഡിന്റെ ഭാഗമായി മാറേണ്ടിയിരുന്നു എന്നാണ് ഞാൻ കരുതുന്നത്.”- ഹർഭജൻ സിംഗ് പറയുന്നു.

“ഈ സ്ക്വാഡ് തീരുമാനം ചാഹലിന്റെ കരിയർ എന്റല്ല എന്ന് കരുതാനാണ് എനിക്കിഷ്ടം. 2023 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അവനു വേണ്ടിയുള്ള വാതിലുകൾ തുറന്നിടണം. കാരണം പലപ്പോഴും അവൻ തെളിയിക്കപ്പെട്ട ഒരു മാച്ച് വിന്നറാണ്. തൽക്കാലം ഇപ്പോൾ ഇന്ത്യ ചഹലിനെ ഒഴിവാക്കി എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം. അങ്ങനെയെങ്കിൽ കൂടുതൽ കരുത്താർജിച്ച് ചഹൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുക തന്നെ ചെയ്യും.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിലെ ഒരു വലിയ പ്രശ്നം മുൻനിര സ്പിന്നർമാരുടെ അഭാവമാണ്. സ്ക്വാഡിൽ കുൽദീപ് യാദവ് മാത്രമാണ് മുൻനിര സ്പിന്നറായുള്ളത്. ശേഷം അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയുമൊക്കെ ഉണ്ടെങ്കിലും സ്പിൻ വിഭാഗം താരതമ്യേന ദുർബലം തന്നെയാണ്. എന്നിരുന്നാലും ഈ പോരായ്മ മറികടന്ന് ഇന്ത്യ ഏഷ്യാകപ്പ് സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.