രാഹുലിനെ ആക്രമിക്കുന്നത് നിർത്തൂ. അയാൾ ചെയ്ത തെറ്റ് എന്തെന്ന് ഹർഭജൻ

ഇന്ത്യൻ ടെസ്റ്റ് ടീമിൽ സമീപകാലത്ത് ഏറ്റവും വലിയ ചർച്ചയായിട്ടുള്ള ഒന്നാണ് കെ എൽ രാഹുലിന്റെ ഫോം. കഴിഞ്ഞ മത്സരങ്ങളിലോക്കെയും മോശം ഫോം ആവർത്തിച്ചതിനാൽ തന്നെ കെ എൽ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യവുമായി പല മുൻ താരങ്ങളും രംഗത്ത് വരികയുണ്ടായി. ഇതേ സംബന്ധിച്ച് ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദും ആകാശ ചോപ്രയും തമ്മിൽ വാഗ്വാദങ്ങൾ വരെ ഉണ്ടായി. ഈ സാഹചര്യത്തിൽ എല്ലാവരും രാഹുലിനെ വെറുതെ വിടണമെന്നും, ഒരു ക്രിക്കറ്ററുടെ കരിയറിൽ സംഭവിക്കാവുന്ന ഒന്നുതന്നെയാണ് ഇപ്പോൾ രാഹുലിന് സംഭവിച്ചിട്ടുള്ളതും എന്നുമാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്.

രാഹുലിന്റെ ഫോമില്ലായ്മ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർച്ചയാകുന്ന ഈ സമയത്താണ് ഹർഭജന്റെ ഇത്തരമൊരു ട്വീറ്റ്. “രാഹുലിനെ വെറുതെ വിടാൻ നിങ്ങൾ തയ്യാറാവണം. അയാൾ ഇതുവരെ ഒരു കുറ്റവും ചെയ്തിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് അയാൾ ഇപ്പോഴും ഒരു മികച്ച കളിക്കാരൻ തന്നെയാണ്. അതിനാൽ തന്നെ അയാൾ ശക്തമായി തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള ക്രിക്കറ്റർമാരൊക്കെയും ഈ സാഹചര്യത്തിലൂടെ കടന്നു പോയിട്ടുള്ളവരാണ്. ആ ലിസ്റ്റിലെ ആദ്യത്തെതോ അവസാനത്തേതോ ആയ ക്രിക്കറ്ററല്ല കെഎൽ രാഹുൽ. അതിനാൽ തന്നെ അയാൾ നമ്മുടെ ഇന്ത്യൻ കളിക്കാരനാണ് എന്ന ബഹുമാനം നമ്മൾ നൽകേണ്ടതുണ്ട്. കൂടാതെ അയാളിൽ വിശ്വസിക്കാനും നമ്മൾ തയ്യാറാവണം.”- ഹർഭജൻ സിംഗ് പറയുന്നു.

kl rahul out

രാഹുലിന്റെ പേരിൽ ഇന്ത്യയിലുടനീളം ഉണ്ടാവുന്ന ഈ സംവാദങ്ങൾക്ക് അറുതി വരുത്തുന്ന പ്രതികരണമാണ് ഹർഭജൻ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഹർഭജന്റെ ഈ ട്വീറ്റിന് വലിയ രീതിയിലുള്ള പ്രതികരണം ലഭിക്കുകയുണ്ടായി. ഹർഭജന്റെ വാദം ശരിവെച്ചുകൊണ്ടു തന്നെ ക്രിക്കറ്റ് ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.

kl rahul 1

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു കെ എൽ രാഹുൽ കാഴ്ചവച്ചത്. ശേഷം ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റുകളിലും ഇത്തരം മോശം പ്രകടനങ്ങൾ രാഹുൽ ആവർത്തിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം മുൻ താരങ്ങൾ പോലും ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നത്. നിലവിൽ ഇന്ത്യയുടെ ഉപനായക സ്ഥാനത്തുനിന്ന് രാഹുലിനെ നീക്കം ചെയ്തിട്ടുണ്ട്.

Previous articleസെലക്ടറാവാൻ ഞാനില്ല. രാഹുൽ ടീമിൽ കളിക്കണമെന്ന് തന്നെ ഞാൻ പറയും – ചോപ്ര
Next articleറാങ്കിങ്ങിൽ കമ്മിൻസിനെ മറികടന്ന് ആ 40കാരൻ! കുതിച്ചുചാട്ടമുണ്ടാക്കി അശ്വിനും.