2011ൽ ഇന്ത്യ ലോകകപ്പ് നേടിയതിനു ശേഷം കേൾക്കുന്ന വാദമാണ് ധോണിയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്നത് എന്ന്. മുൻപ് ഗൗതം ഗംഭീർ ഈ വാദത്തിനെതിരെ പ്രതികരിച് മുൻപോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഗംഭീറിനെ പിന്തുണച്ച് ഈ വാദത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഹർഭജൻ സിംഗ്. “ഓസ്ട്രേലിയ കിരീടം ചൂടിയപ്പോൾ ഓസ്ട്രേലിയ ലോകകപ്പ് നേടി എന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോൾ അത് ധോണി ലോകകപ്പ് ജയിപ്പിച്ചു എന്നായി മാറി.
ബാക്കി പത്തു കളിക്കാരും എന്തുചെയ്തു? അവർ ലെസ്സി കുടിക്കാൻ പോയോ? ഗൗതം ഗംഭീർ എന്താണ് ചെയ്തത്. ഇത് ഒരു ടീം മത്സരം ആണ്. ടീമിലെ 7-8 കളിക്കാർ മികവ് കാണിച്ചാൽ മാത്രമാണ് ടീമിന് മുൻപോട്ട് പോകാൻ കഴിയുക.”- ഹർഭജൻ പറഞ്ഞു.
ധോണിയുടെ സിക്സ് അല്ല ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്നത് എന്ന പ്രതികരണവുമായി നേരത്തെ ഗൗതം ഗംഭീറും രംഗത്തുവന്നിരുന്നു.
ശ്രേയസ് അയ്യർ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ചുവെന്ന മുൻ സഹതാരം മൊഹമ്മദ് കൈഫിൻ്റെ വാക്കുകളോട് പ്രതികരിക്കവെയാണ് ലോകകപ്പ് വിജയത്തിൻ്റെ ധോണിയിലേക്ക് മാത്രമായി ചുരുങ്ങിപോവുന്നതിൽ ഹർഭജൻ സിങ് അതൃപ്തി അറിയിച്ചത്. ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ടീമിലെ 11 കളിക്കാർക്കും ഒരുപോലെ അർഹിക്കുന്നുവെന്നും സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് ലൈവ് പ്രോഗ്രാമിൽ ഹർഭജൻ സിങ് കൂട്ടിചേര്‍ത്തു.