ക്രിക്കറ്റിൽ പരിക്കേറ്റിട്ടും സ്വന്തം ടീമിന് വേണ്ടി അതെല്ലാം അവഗണിച്ച് കളിക്കാൻ ഇറങ്ങിയ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മറക്കാത്ത സംഭവമാണ് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ തലയിൽ സ്റ്റിച്ചുമായി പന്തറിയാൻ എത്തിയ അനിൽ കുംബ്ലെയുടെ ചിത്രം. ലോകം കാണുന്നത് പരിക്കേറ്റിട്ടും സ്വന്തം ടീമിന് വേണ്ടി ആരോഗ്യസ്ഥിതി അവഗണിച്ച് കളിക്കാൻ ഇറങ്ങുന്ന താരങ്ങളെ ചാമ്പ്യന്മാരായിട്ടാണ്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് സംഭവിച്ചിരിക്കുന്നത് രഞ്ജി ട്രോഫിയിലാണ്. ഇന്ത്യൻ താരം ഹനുമ വിഹാരി നടത്തിയ പോരാട്ടമാണ് ക്രിക്കറ്റിൽ വീരോചിതമായി വാഴ്ത്താൻ പോകുന്നത്. ആന്ധ്രപ്രദേശിന് വേണ്ടിയാണ് രഞ്ജി ട്രോഫിയിൽ താരം കളിക്കുന്നത്. മധ്യപ്രദേശിനെതിരായ മത്സരത്തിൽ വൺ ഡൗൺ ആയിട്ടായിരുന്നു താരം ബാറ്റിങ്ങിന് ഇറങ്ങിയത്.
എന്നാൽ ആദ്യം തന്നെ കൈക്ക് പന്ത് കൊണ്ട് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ടീമിൻ്റെ നായകൻ കൂടിയായ വിഹാരി റിട്ടയേർഡ് ഹർട്ടായി മടങ്ങി. വിഹാരിക്ക് ആറാഴ്ച്ച വിശ്രമം വേണ്ടിവരുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ആവശ്യം വന്നാല്‍ ബാറ്റിംഗിനെത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.
എന്നാൽ 9 വിക്കറ്റുകൾ 344 റൺസിൽ വീണതോടെ വിഹാരി വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തി. ഇടം കൈകൊണ്ട് ബാറ്റിൽ പിടിക്കാൻ പറ്റാത്ത താരം സാഹചര്യം കൊണ്ട് ബാറ്റിംഗ് പൊസിഷൻ മാറ്റി. രണ്ടാം വരവില്‍ ഇടങ്കയ്യനായിട്ടാണ് വിഹാരി കളിച്ചത്. പരിക്കേറ്റ ഇടത് കൈക്കുഴ സംരക്ഷിക്കാനാണ് താരം ഇടങ്കയ്യനായിട്ട് ഇറങ്ങിയത്. ഒരു കൈകൊണ്ടാണ് താരം ബാറ്റ് ചെയ്തത്.
മത്സരം 4 ദിവസം ആയതിനാൽ റിസൾട്ട് ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ആദ്യ ഇന്നിങ്സിൽ എടുക്കുന്ന ടീം സ്കോർ അതിനിർണായകമാകും. അതുകൊണ്ടാണ് ആന്ധ്രപ്രദേശ് നായകൻ പരിക്ക് വകവെക്കാതെ വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്തിയത്. താരത്തിന്റെ ഈ തളരാത്ത പോരാട്ടത്തെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം.