28 പന്തുകളിൽ 76 റൺസ്. ഷഫാലി വർമ്മയുടെ ആറാട്ടിൽ ഡൽഹിയ്ക്ക് 10 വിക്കറ്റ് വിജയം.

ഷഫാലി വർമ്മയുടെ ആറാട്ടിൽ ഞെട്ടിത്തരിച്ച് ഗുജറാത്ത് ടീം. വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹിയുടെ ഗുജറാത്തിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ വിജയം തന്നെയാണ് ഷഫാലി വർമ്മ ഡൽഹിക്ക് നേടിക്കൊടുത്തത്. ബോളിങ്ങിനും ബാറ്റിങ്ങിനും കൃത്യമായ ആധിപത്യം നേടുന്ന ഡൽഹിയെയായിരുന്നു മത്സരത്തിൽ കണ്ടത്. ബോളിങ്ങിൽ മരിസാനെ കാപ്പ് തകർത്താടിയപ്പോൾ, ബാറ്റിംഗിൽ ഷഫാലി വർമ്മ തന്റെ സംഹാര രൂപം പുറത്തെടുക്കുകയായിരുന്നു. മത്സരത്തിൽ 77 പന്തുകൾ ശേഷിക്കെ പത്തു വിക്കറ്റുകൾക്കായിരുന്നു ഡൽഹി വിജയം കണ്ടത്.

Fq8o BtaIAA V2L

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഗുജറാത്ത് ജയൻസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ ഡൽഹി ബോളർ കാപ്പിന്റെ മുൻപിൽ പിടിച്ചുനിൽക്കാനാവാതെ ഗുജറാത്ത് മുൻനിര പതറുകയായിരുന്നു. ഗുജറാത്ത് നിരയിലെ ആദ്യ നാല് വിക്കറ്റുകൾ ഞൊടിയിടയിൽ കാപ്പ് സ്വന്തമാക്കി. അതോടെ ഗുജറാത്ത് ഇന്നിംഗ്സിന്റെ അടിത്തറ ഇളകുകയായിരുന്നു. ഇന്നിംഗ്സിൽ 32 റൺസ് നേടിയ കിം ഗാർത്ത് മാത്രമാണ് അല്പനേരമെങ്കിലും പിടിച്ചുനിന്നത്. ബാക്കി ബാറ്റർമാർ കളിമറന്നപ്പോൾ ഗുജറാത്ത് സ്കോർ 105 റൺസിൽ ഒതുങ്ങി. ഡൽഹിയ്ക്കായി കാപ്പ് അഞ്ച് വിക്കറ്റുകളും, ശിഖാ പാണ്ടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. മലയാളി താരം മിന്നു മണി 3 ഓവറില്‍ 18 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

Fq870xkaQAEmhoL

മറുപടി ബാറ്റിംഗിൽ സംഹാരത്തിന്റെ ഒരു പൂർണ്ണമായ രൂപം തന്നെയായിരുന്നു ഡൽഹി ബാറ്റർമാരിൽ നിന്ന് കണ്ടത്. ഡൽഹിക്കായി ആദ്യ ഓവറുകളിൽ തന്നെ ഷഫാലി വർമ്മ നിറഞ്ഞടി. പവർപ്ലേയിൽ അനായാസം ഗുജറാത്ത് ബോളർമാരെ ബൗണ്ടറി കടത്താൻ ഷഫാലിക്ക് സാധിച്ചു. ഒപ്പം നായിക മെഗ്ഗ് ലാനിങ്ങും ഷഫാലിയ്ക്ക് ആവശ്യമായ പിന്തുണ നൽകിയതോടെ ഡൽഹി അനായാസം വിജയത്തിൽ എത്തുകയായിരുന്നു. മത്സരത്തിൽ 28 പന്തുകളിൽ 76 റൺസാണ് ഷഫാലി വർമ്മ നേടിയത്. ലാനിങ് 15 പന്തുകളിൽ 21 റൺസും നേടി. 10 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഡൽഹി മത്സരത്തിൽ സ്വന്തമാക്കിയത്.

ഡൽഹിയുടെ ബാറ്റിംഗ് കരുത്തും ബോളിംഗ് കരുത്തും വിളിചോതുന്ന മത്സരം തന്നെയാണ് ഗുജറാത്തിനെതിരെ കണ്ടത്. തങ്ങളുടേതായ ദിനത്തിൽ ടീം എത്ര ശക്തമാണെന്ന് ഡൽഹി സൂചന നൽകുന്നു. ഡൽഹിയുടെ വുമൺസ് പ്രീമിയർ ലീഗിലെ മൂന്നാം വിജയമാണിത്. മൂന്നു മത്സരങ്ങളിലും ഓപ്പണർമാരായ ഷഫാലി വർമയും മെഗ്ഗ് ലാനിഗും തന്നെയായിരുന്നു ടീമിന്റെ നട്ടെല്ലായത്.

Previous article36 പന്തിൽ സെഞ്ച്വറി, 20 ഓവറിൽ 262, പിഎസ്എല്ലിൽ വീണ്ടും ശവപറമ്പ്
Next articleതകര്‍പ്പന്‍ അസിസ്റ്റുമായി ലയണല്‍ മെസ്സി ; പുതിയ നേട്ടം