രാജസ്ഥാന് സന്തോഷവാർത്ത. സഞ്ജുവും ജയസ്വാളും ആദ്യ മത്സരത്തിന് തയാർ.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമുള്ളപ്പോൾ രാജസ്ഥാൻ റോയൽസ് ടീമിന് സന്തോഷവാർത്ത. രാജസ്ഥാന്റെ പ്രധാന താരങ്ങളായ സഞ്ജു സാംസനും ഓപ്പണർ യശസ്വി ജയസ്വാളും ആദ്യ മത്സരത്തിൽ കളിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം നടക്കുന്നത്. മാർച്ച് 23നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരത്തിൽ തങ്ങളുടെ പ്രധാന താരങ്ങൾ കളിക്കും എന്ന വാർത്ത രാജസ്ഥാൻ ക്യാമ്പിൽ വലിയ സന്തോഷം ഉണ്ടാക്കിയിരിക്കുന്നു.

മുൻപ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരക്കിടെയായിരുന്നു മലയാളി താരം സഞ്ജു സാംസണ് പരിക്കേറ്റത്. വലതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ സഞ്ജു സാംസൺ ശേഷം ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്നു. പരീക്കിൽ പൂർണ്ണമായും മോചിതനാവാൻ സാധിക്കാതെ വന്ന സഞ്ജുവിന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ക്ലിയറൻസ് ലഭിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ സഞ്ജുവിന് ക്ലിയറൻസ് ലഭിക്കുകയും സഞ്ജു ജയ്പ്പൂരിലെ രാജസ്ഥാന്റെ ക്യാമ്പിൽ എത്തുമെന്ന വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ സഞ്ജുവിന് സീസണിൽ വിക്കറ്റ് കീപ്പറായി തുടരാൻ സാധിക്കുമോ എന്ന സംശയങ്ങൾ നിലനിൽക്കുകയാണ്. പൂർണമായ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരു.

അതേസമയം കാൽക്കുഴയ്ക്ക് പരിക്കേറ്റത്തിന് പിന്നാലെയായിരുന്നു ഓപ്പണർ ജയസ്‌വാൾ മത്സര ക്രിക്കറ്റിൽ നിന്ന് മാറിനിന്നത്. പക്ഷേ പരിക്ക് ഭേദമായതോടെ ജയസ്വാളും രാജസ്ഥാൻ ക്യാമ്പിലേക്ക് എത്തിയിട്ടുണ്ട്. സമീപകാലത്ത് മികച്ച പ്രകടനങ്ങളാണ് ജയസ്വാൾ ഇന്ത്യക്കായി കാഴ്ച വെച്ചിട്ടുള്ളത്. ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നു. പരമ്പരയിലെ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയിരുന്നു ജയസ്വാൾ. രാജസ്ഥാനെ സംബന്ധിച്ച് ജയസ്വാളിന്റെ പ്രകടനവും വളരെ നിർണായകമാണ്.

ഇത്തവണത്തെ മെഗാ ലേലത്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ രാജസ്ഥാൻ നേരിട്ടിരുന്നു. തങ്ങളുടെ സ്റ്റാർ ബാറ്ററായ ജോസ് ബട്ലറെ തിരികെ ടീമിലെത്തിക്കുന്നതിൽ രാജസ്ഥാൻ പരാജയപ്പെടുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ജയസ്വാളിനൊപ്പം സഞ്ജു സാംസൺ ടീമിന്റെ ഓപ്പണറായി എത്താനാണ് സാധ്യത. സമീപകാലത്ത് ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഓപ്പണറെന്ന നിലയിൽ മികച്ച പ്രകടനങ്ങളായിരുന്നു സഞ്ജു കാഴ്ചവച്ചത്. 3 സെഞ്ച്വറികൾ ഇന്ത്യക്കായി നേടാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. രാജസ്ഥാനായും സഞ്ജു ഇത്തരം പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ടീമിന് സീസണിൽ വിജയത്തിലെത്താൻ സാധിക്കൂ.

Previous article“അന്ന് മൈതാനത്ത് ഇറങ്ങിവന്നത് വലിയ തെറ്റ്, അതിൽ ഞാൻ ഖേദിക്കുന്നു”. ധോണി തുറന്ന് പറയുന്നു.