ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര നടക്കുന്നത് വെസ്റ്റിൻഡീസിനെതിരെയാണ്. സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ വിൻഡീസിനെതിരായ പരമ്പരയ്ക്ക് ഇറങ്ങാൻ തയ്യാറാകുന്നത്. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാരുടെ തീരുമാനത്തിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ. കുട്ടിക്രിക്കറ്റിൽ സഞ്ജു സാംസനെ 5 മത്സരങ്ങളിൽ അഴിച്ചുവിടാൻ തീരുമാനിച്ചത് വളരെ നല്ല കാര്യമാണെന്നും, അയാളുടെ കഴിവ് തെളിയിക്കാൻ അയാൾക്ക് ലഭിച്ച വലിയ അവസരമാണെന്നുമാണ് ഭോഗ്ലെ തന്റെ ട്വിറ്ററിൽ കുറിച്ചത്.
ഇക്കാരണങ്ങൾ കൊണ്ടു തന്നെ വിൻഡീസിനെതിരായ ട്വന്റി20 മത്സരം കാണാൻ താൻ അങ്ങേയറ്റം ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഭോഗ്ലെ പറയുകയുണ്ടായി. ഇതോടൊപ്പം ഇന്ത്യൻ ടീമിൽ ആദ്യ 7 സ്ഥാനങ്ങളിൽ മൂന്ന് ഇടംകയ്യൻ ബാറ്റർമാരുള്ളത് തന്നെ അമ്പരപ്പിക്കുന്ന ഒരു കാര്യമാണെന്നും ഭോഗ്ലെ പറഞ്ഞു. “നടക്കാൻ പോകുന്നത് ഒരു ഫ്രീ ഫിറ്റിംഗ് മേളയാണ്. അതിൽ സഞ്ജു സാംസനെ 5 മത്സരങ്ങളിലും കളിപ്പിക്കുന്നതും അയാൾ എങ്ങനെ കളിക്കുമെന്ന് നോക്കിക്കാണുന്നതും വളരെ നല്ല ആശയമാണ്. മാത്രമല്ല ടീമിൽ ആദ്യ ഏഴ് പേരിൽ മൂന്നുപേരും ഇടംകയ്യന്മാരാണ് എന്ന കാര്യവും ആകാംക്ഷ വർദ്ധിപ്പിക്കുന്നു.”- ഭോഗ്ലെ പറഞ്ഞു.
“മത്സരങ്ങളിൽ ഇന്ത്യക്കായി ഓപ്പണിങ്ങിറങ്ങുക ശുഭമാൻ ഗില്ലും ജയ്സ്വാളും ആയിരിക്കും. ഇവർക്ക് പിന്നാലെ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ അക്സർ പട്ടേൽ എന്നിവരും ഉണ്ടാകും. ഇത്തരമൊരു ടീം വളരെ ആവേശഭരിതമാണ്. മാത്രമല്ല ഇഷാൻ കിഷന്റെ കഴിവുകൾ കൂടി പരിശോധിക്കുമ്പോൾ ടീം സന്തുലിതവുമാണ്. നായകൻ ഹർദിക് പാണ്ട്യയെ സംബന്ധിച്ച് ഒരുപാട് ഓപ്ഷനുകൾ ഇത്തരം ഒരു ടീമിൽ നിലനിൽക്കുന്നുണ്ട്.”- ഭോഗ്ലെ കൂട്ടിച്ചേർത്തു.
ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹർദിക് പാണ്ട്യയുടെ കീഴിൽ യുവതാരങ്ങൾ അടങ്ങിയ നിരയെ ഇന്ത്യ അണിനിരത്തുന്നത്. മാത്രമല്ല 2024 ട്വന്റി20 ലോകകപ്പ് വെസ്റ്റിൻഡീസിൽ വച്ച് നടക്കുന്നതിനാൽ തന്നെ ഈ പരമ്പര ഇന്ത്യക്ക് നിർണായകമാണ്. യുവതാരങ്ങളെ അണിനിരത്തി ഒരു പുതിയ കുട്ടി ക്രിക്കറ്റ് ടീം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് വെസ്റ്റിൻഡീസ് പരമ്പരയിലും കാണുന്നത്.