നെതർലാൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു റെക്കോർഡ് സെഞ്ച്വറി സ്വന്തമാക്കി ഓസ്ട്രേലിയൻ താരം മാക്സ്വെൽ. മത്സരത്തിൽ 40 പന്തുകളിൽ നിന്നാണ് മാക്സ്വെൽ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് മാക്സ്വെൽ മത്സരത്തിൽ നേടിയത്. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ നിർണായക സമയത്ത് ക്രീസിലെത്തിയ മാക്സ്വെൽ അവസാന ഓവറുകളിൽ നെതർലാൻഡ്സ് ബോളർമാരെ അടിച്ചു തൂക്കുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയയെ ഒരു ശക്തമായ നിലയിൽ എത്തിച്ച ശേഷമാണ് മാക്സ്വെൽ മടങ്ങിയത്.
മത്സരത്തിൽ ഓസ്ട്രേലിയ സമ്മർദ്ദത്തിലായ സമയത്താണ് മാക്സ്വെൽ ക്രീസിലെത്തിയത്. ആറാമനായി ക്രീസിലെത്തിയ മാക്സ്വെല്ലിന് മറുവശത്ത് നിന്ന് വലിയ പിന്തുണകൾ ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ ഇന്നിങ്സ് പതിയെയാണ് മാക്സ്വെൽ കെട്ടിപ്പടുത്തത്. 26 പന്തുകളിൽ നിന്നായിരുന്നു മാക്സ്വെൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.
പിന്നീട് സെഞ്ചുറിലേക്കെത്താൻ മാക്സ്വെല്ലിന് ആവശ്യമായി വന്നത് കേവലം 14 പന്തുകളായിരുന്നു. അർദ്ധസെഞ്ച്വറിക്ക് ശേഷം ഡൽഹി മൈതാനത്ത് കാണാൻ സാധിച്ചത് ഒരു മാക്സ്വൽ വെടിക്കെട്ട് തന്നെയായിരുന്നു. നെതർലാൻഡ്സിന്റെ മുഴുവൻ ബോളർമാരെയും പഞ്ഞിക്കിട്ടാണ് മാക്സ്വെൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. നെതർലാൻഡ്സിന്റെ ഓൾറൗണ്ടർ ബാസ് ഡി ലീഡേ ആയിരുന്നു മാക്സ്വെല്ലിന്റെ തല്ല് നന്നായി കൊണ്ടത്.
ഈ സെഞ്ച്വറിയോടെ തകർപ്പൻ റെക്കോർഡാണ് മാക്സ്വെൽ മത്സരത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് മാക്സ്വെൽ ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. കേവലം 40 പന്തുകളിൽ നിന്നാണ് മാക്സ്വെല്ലിന്റെ ഈ സെഞ്ച്വറി. 2023 ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 49 പന്തുകളിൽ നിന്ന് സെഞ്ച്വറി സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരം മാക്രത്തിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്. അതാണ് മാക്സ്വെൽ മറികടന്നത്. 50 പന്തുകളിൽ നിന്ന് ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി സ്വന്തമാക്കിയ അയർലണ്ട് താരം കെവിൻ ഒബ്രയാൻ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽപ്പുണ്ട്. 2015ൽ ശ്രീലങ്കയ്ക്കെതിരെ 51 സെഞ്ച്വറി സ്വന്തമാക്കിയ മാക്സ്വെൽ ലിസ്റ്റിൽ നാലാമതുമുണ്ട്.
എന്തായാലും മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി തന്നെയാണ് മാക്സ്വെൽ സ്വന്തമാക്കിയത്. മത്സരത്തിൽ 45പന്തുകൾ നേരിട്ട മാക്സ്വെൽ 106 റൺസ് ആണ് നേടിയത്. 9 ബൗണ്ടറികളും 8 പടുകൂറ്റൻ സിക്സറുകളുമായിരുന്നു മാക്സ്വെല്ലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മത്സരത്തിന്റെ അവസാന ഭാഗങ്ങളിൽ പതറിയ ഓസ്ട്രേലിയയെ ഒരു വമ്പൻ സ്കോറിൽ എത്തിച്ച ശേഷമാണ് മാക്സ്വെൽ കൂടാരം കയറിയത്. മാക്സ്വെല്ലിന്റെയും ഡേവിഡ് വാർണറുടെയും വെടിക്കെട്ടിന്റെ മികവിൽ നിശ്ചിത 50 ഓവറുകളിൽ 399 റൺസ് സ്വന്തമാക്കാൻ ഓസീസ് ടീമിന് സാധിച്ചിട്ടുണ്ട്.