‘സെമിയിലൊന്നും കളിക്കേണ്ട. ഞങ്ങൾക്ക് 5ആം സ്ഥാനം കിട്ടിയാൽ മതി’. ബംഗ്ലാദേശ് നായകന്റെ പ്രസ്താവന.

shakib and mushfiqur

ദക്ഷിണാഫ്രിക്കെതിരായ ലോകകപ്പ് മത്സരത്തിൽ 49 റൺസിന്റെ കൂറ്റൻ പരാജയമാണ് ബംഗ്ലാദേശ് നിര നേരിട്ടത്. ടൂർണമെന്റിലെ ബംഗ്ലാദേശിന്റെ തുടർച്ചയായ നാലാം പരാജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡികോക്കിന്റെ തകർപ്പൻ സെഞ്ചുറിയുടെയും ക്ലാസന്റെ വെടിക്കെട്ടിന്റെയും ബലത്തിൽ 382 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ കാലിടറിയപ്പോൾ മത്സരത്തിൽ വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക തങ്ങളുടെ അവസാന 10 ഓവറുകളിൽ വെടിക്കെട്ട് തീർത്തതാണ് മത്സരത്തിൽ തങ്ങൾ പരാജയപ്പെടാൻ കാരണമായത് എന്ന് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ പറയുകയുണ്ടായി.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ ആദ്യ സമയങ്ങളിൽ തങ്ങൾക്ക് നന്നായി ബോൾ ചെയ്യാൻ പറ്റിയിരുന്നു എന്നാണ് ഷാക്കിബ് പറഞ്ഞത്. “മത്സരത്തിന്റെ ആദ്യ 25 ഓവറിൽ ഞങ്ങൾ നന്നായി പന്തറിഞ്ഞു. ഞങ്ങൾക്ക് 3 വിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. ഓരോ ഓവറിൽ 5 റൺസ് എന്ന നിലയിലാണ് ആ സമയത്ത് ദക്ഷിണാഫ്രിക്ക നീങ്ങിയിരുന്നത്. പക്ഷേ അവിടെ നിന്ന് അവർക്ക് ഒരു വലിയ ചലനമുണ്ടായി.

ഡികോക്ക് അതിവിദഗ്ധമായി സ്കോറിങ് ഉയർത്തി. മാത്രമല്ല ക്ലാസന് നല്ലൊരു ഫിനിഷിങ്ങും നൽകാൻ സാധിച്ചു. ഞങ്ങൾക്ക് അതിന് മുൻപിൽ ഉത്തരം ഉണ്ടായിരുന്നില്ല. ഇത്തരം മൈതാനങ്ങളിൽ ഇങ്ങനെയുള്ള വെടിക്കെട്ടുകൾ സംഭവിക്കാം. പക്ഷേ ഞങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ബോൾ ചെയ്യേണ്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിന്റെ അവസാന 10 ഓവറുകളിലാണ് ഞങ്ങൾക്ക് മത്സരം നഷ്ടമായത്.”- ഷാക്കിബ് പറഞ്ഞു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“മത്സരങ്ങളിൽ മുഷ്ഫിക്കുറിനെയാണോ മഹമുദുള്ളയെയാണോ ഉയർന്ന പൊസിഷനിൽ ബാറ്റിംഗ് ഇറക്കേണ്ടത് എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അവർ അവർക്ക് നൽകുന്ന റോളുകൾ വളരെ മനോഹരമായി ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഞങ്ങളുടെ ആദ്യ നാലു ബാറ്റർമാർ വളരെ നന്നായി കളിക്കേണ്ടതുണ്ട്. ഇനിയും ടൂർണമെന്റിൽ ഒരുപാട് ദൂരം സഞ്ചരിക്കണം.

എന്തും സംഭവിക്കാം. ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഒരുപാട് രീതികളിൽ കളിക്കാനുമുണ്ട്. സെമിയിലെത്താൻ സാധിച്ചില്ലെങ്കിലും പോയിന്റ്സ് ടേബിളിൽ 5-6 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. ഇതുവരെ ഒരു ടീം എന്ന നിലയിൽ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എന്നാൽ ശക്തമായ രീതിയിൽ ഞങ്ങൾ ഈ ലോകകപ്പ് ഫിനിഷ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.”- ഷാക്കിബ് കൂട്ടിച്ചേർത്തു.

നിലവിൽ 2023 ഏകദിന ലോകകപ്പ് പോയ്ന്റ്സ് ടേബിളിൽ അവസാന സ്ഥാനത്താണ് ബംഗ്ലാദേശ് നിൽക്കുന്നത്. ഇതുവരെ 5 മത്സരങ്ങൾ കളിച്ച ബംഗ്ലാദേശിന് ഒരു മത്സരത്തിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയതൊഴിച്ചാൽ പിന്നീട് ബംഗ്ലാദേശ് പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. ഇനിയും വലിയ മത്സരങ്ങൾ വരാനുണ്ടെങ്കിലും ഇത്തരം ചിട്ടയല്ലാത്ത മത്സരരീതി ബംഗ്ലാദേശിനെ ബാധിക്കാൻ സാധ്യതയുണ്ട്.

Scroll to Top