സഞ്ജുവിന് ഇനിയും അവസരങ്ങൾ നൽകണം. ഇർഫാൻ പത്താന്റെ വാക്കുകൾ.

sanju samson finishing planning

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരിക്കുകയാണ്. 2023 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരമായതിനാൽ തന്നെ ലോകകപ്പിൽ കളിക്കാൻ സഞ്ജുവിന് ഒരു അവസരം കൂടിയാണ് ഈ പരമ്പര നൽകുന്നത്. അതിനാൽ ഈ പരമ്പരയിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അത്യാവശ്യമാണ്. ഏറെ നാളുകൾക്കു ശേഷം സഞ്ജു സാംസൺ ഇന്ത്യയുടെ ഏകദിന ടീമിൽ തിരിച്ചെത്തിയതിൽ ഇന്ത്യൻ താരം ഇർഫാൻ പത്താൻ തന്റെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് ഇനിയും അവസരങ്ങൾ ലഭിക്കണമെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്.

റിഷഭ് പന്ത് പരിക്കിന്റെ പിടിയിലായ സാഹചര്യത്തിൽ കൂടുതൽ അവസരങ്ങൾ സഞ്ജു സാംസണ് നൽകുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും എന്ന് പത്താൻ പറയുന്നു. “ഋഷഭ് പന്ത് ഇപ്പോൾ സുഖം പ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ്. ഇനി ഇന്ത്യ സഞ്ജു സാംസന് സ്ഥിരമായി ടീമിൽ അവസരം നൽകണം. മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജു സാംസണ് സാധിക്കും. മാത്രമല്ല സ്പിന്നിനെതിരെ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ സാധിക്കുന്ന ക്രിക്കറ്റർ കൂടിയാണ് സഞ്ജു. അതിനാൽ കൂടുതൽ അവസരങ്ങൾ നൽകുകയാണെങ്കിൽ അയാൾ ഒരു വിലപ്പെട്ട താരമായി മാറും.”- ഇർഫാൻ പത്താൻ പറഞ്ഞു.

Read Also -  "കൊച്ചി ടസ്‌കേഴ്സ് ടീം ഇനിയും പ്രതിഫലം തരാനുണ്ട്. മക്കല്ലത്തിനും ജഡേജയ്ക്കും കൊടുക്കാനുണ്ട് "- ശ്രീശാന്ത് പറയുന്നു..

സഞ്ജു സാംസണ് പുറമേ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ഏകദിന സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പർ. എന്നിരുന്നാലും ഏകദിനത്തിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ സഞ്ജു സാംസണ് തന്നെയാണ് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത. ഇതുവരെ 11 ഏകദിന മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുള്ള സഞ്ജുവിന്റെ ശരാശരി 66 റൺസാണ്. പക്ഷേ ഇന്ത്യൻ നിരയിൽ കൃത്യമായി സ്ഥാനം കണ്ടെത്താൻ സഞ്ജു സാംസന് സാധിക്കാതെ വന്നു. എന്തായാലും വലിയ അവസരം തന്നെയാണ് സഞ്ജുവിനെ തേടി എത്തിയിരിക്കുന്നത്.

സഞ്ജുവിന് പുറമേ ഋതുരാജ്, സൂര്യകുമാർ യാദവ്, ശർദുൽ താക്കൂർ തുടങ്ങിയവരും ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹർദിക് പാണ്ട്യയാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ പരമ്പര തന്നെയാണ് വെസ്റ്റിൻഡീസിൽ നടക്കാൻ പോകുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ പര്യടനത്തിൽ കളിക്കുക. ഏഷ്യാകപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ പരമ്പരയിൽ വലിയൊരു വിജയം കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്.

Scroll to Top