2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയറിൽ ഒരു തകർപ്പൻ സെഞ്ചുറിയായിരുന്നു ശുഭമാൻ ഗിൽ നേടിയത്. മത്സരത്തിൽ 60 പന്തുകൾ നേരിട്ട ഗിൽ 129 റൺസ് അടിച്ചു തൂക്കുകയുണ്ടായി. ഈ ഇന്നിംഗ്സിലൂടെ ഒരുപാട് റെക്കോർഡുകളാണ് ഗിൽ മറികടന്നിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് വീരേന്ദർ സേവാഗിന്റെ ഒരു റെക്കോർഡാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേയൊഫ് ഘട്ടത്തിൽ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ നേടിയ ബാറ്റര്‍ എന്ന റെക്കോർഡ് ഇതുവരെ വീരേന്ദർ സേവാഗിന്റെ പേരിലായിരുന്നു. ഇപ്പോൾ അത് ഗില്‍ മറികടന്നിരിക്കുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2014 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രണ്ടാം ക്വാളിഫയറിൽ 122 റൺസായിരുന്നു വീരേന്ദർ സേവാഗ് നേടിയത്. ഇപ്പോൾ മുംബൈയ്ക്കെതിരായ രണ്ടാം ക്വളിഫയറിൽ 129 റൺസ് സ്വന്തമാക്കി ഗിൽ സേവാഗിനെ പിന്നിലാക്കിയിരിക്കുന്നു. മാത്രമല്ല പ്ലേയോഫ് ഘട്ടത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ബാറ്ററെന്ന റെക്കോർഡും ഇതോടെ ഗിൽ സ്വന്തമാക്കി. മത്സരത്തിൽ പത്ത് സിക്സറുകളായിരുന്നു ഗിൽ നേടിയത്.
ഇതോടൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഗിൽ കയ്യടക്കിയിട്ടുണ്ട്. വിരാട് കോഹ്ലിയും ജോസ് ബട്ലറുമാണ് ഗില്ലിന് മുമ്പിൽ ഈ ലിസ്റ്റിലുള്ളത്. 2016ലെ സീസണിലായിരുന്നു വിരാട് കോഹ്ലി ഐപിഎല്ലിൽ നാല് സെഞ്ചുറികൾ പൂർത്തിയാക്കിയത്. കഴിഞ്ഞ സീസണിൽ ജോസ് ബട്ലറും നാല് സെഞ്ചുറികൾ പൂർത്തീകരിക്കുകയുണ്ടായി. എന്നാൽ മറ്റൊരു ബാറ്റർക്കും രണ്ട് സെഞ്ചുറികളിൽ കൂടുതൽ ഒരു സീസണിൽ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഈ സീസണിൽ 3 സെഞ്ചുറികൾ നേടി ഈ റെക്കോർഡും ഗിൽ മറികടന്നിരിക്കുകയാണ്.
ഇതുവരെ ഈ സീസണിൽ 16 ഇന്നിങ്സുകൾ കളിച്ച ഗിൽ ൽ 851 റൺസാണ് നേടിയിട്ടുള്ളത്. 60.79 റൺസ് ശരാശരിയിലാണ് ഗില്ലിന്റെ ഈ നേട്ടം. ഒരു ഐപിഎൽ സീസണിൽ 800ലധികം റൺസ് നേടുന്ന നാലാമത്തെ ബാറ്ററെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കുകയുണ്ടായി. ഇതുവരെ വിരാട് കോഹ്ലി, ഡേവിഡ് വാർണർ, ജോസ് ബട്ലർ എന്നിവരാണ് ഒരു സീസണിൽ 800ലധികം റൺസ് സ്വന്തമാക്കിയിട്ടുള്ളത്. എന്തായാലും ഈ തകർപ്പൻ ഇന്നിങ്സോടെ റെക്കോർഡുകളുടെ ഒരു പെരുമഴയാണ് ഗിൽ സൃഷ്ടിച്ചിരിക്കുന്നത്.