ഗില്ലിന്റെ ഫോം എനിക്ക് പ്രതീക്ഷ നൽകുന്നു. പ്രശംസകളുമായി രോഹിത് ശർമ.

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ക്വാളിഫയറിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തായിരുന്നു ഗുജറാത്തിന്റെ ഈ മാസ്മരിക വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ശുഭമാൻ ഗില്ലായിരുന്നു നിറഞ്ഞാടിയത്. മത്സരത്തിലെ ആദ്യ ബോൾ മുതൽ മുംബൈ ബോളർമാർക്ക് മേൽ താണ്ഡവമാടിയാണ് ഗില്‍ മികവ് കാട്ടിയത്. മത്സരത്തിൽ 60 പന്തുകളിൽ 129 റൺസായിരുന്നു ഗിൽ നേടിയത്. ഇന്നിങ്സിൽ 7 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു. മത്സരശേഷം ഈ ഇന്നിംഗ്സിനെ അഭിനന്ദിച്ചുകൊണ്ട് മുംബൈ നായകൻ രോഹിത് ശർമ പോലും രംഗത്ത് എത്തിയിരുന്നു.

ഗില്ലിന്റെ നിലവിലെ ഫോം വളരെ പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും ഇനിയും അവനത് തുടരേണ്ടത് ആവശ്യമാണെന്നും രോഹിത് മത്സരശേഷം പറഞ്ഞു. “മത്സരത്തിൽ ഗുജറാത്തിന് വലിയൊരു ടോട്ടൽ തന്നെയാണ് ലഭിച്ചത്. ഇതിൽ പ്രധാനമായും ഗില്ലിന്റെ ബാറ്റിംഗായിരുന്നു എടുത്തുപറയേണ്ടത്. ഗിൽ വളരെ നന്നായി തന്നെ ബാറ്റ് ചെയ്തു. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ഗില്ലിന് അവകാശപ്പെട്ടതാണ്. ഇപ്പോൾ അവൻ നല്ല ഫോമിലാണ് കളിക്കുന്നത്. ഇനിയും അവൻ ആ ഫോം തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ നില്‍ക്കേ രോഹിത് ശർമ പറഞ്ഞു.

20230526 214719

മത്സരത്തിൽ ഗില്ലിന്റെ ഈ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ 233 റൺസ് ആയിരുന്നു ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. കഴിഞ്ഞ നാല് ഇന്നിംഗ്സുകളിൽ മൂന്നാമത്തെ സെഞ്ചുറിയാണ് ഗിൽ മത്സരത്തിൽ നേടിയത്. മാത്രമല്ല ഓറഞ്ച് ക്യാപ്പ് ലിസ്റ്റിലും ഒന്നാം സ്ഥാനത്ത് ഗിൽ എത്തിയിട്ടുണ്ട്. ഇതുവരെ ഈ ഐപിഎല്ലിൽ 16 ഇന്നിങ്സുകൾ കളിച്ച ഗില്‍ 60.79 ശരാശരിയിൽ 851 റൺസ് ആണ് നേടിയിട്ടുള്ളത്. അതിനാൽതന്നെ ഇത്തവണത്തെ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ ഗില്ലിനെ മറികടക്കുക എന്നത് മറ്റു ബാറ്റർമാർക്ക് അസാധ്യമായി മാറിയിരിക്കുന്നു.

ഗുജറാത്തുയർത്തിയ 233 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് കാര്യങ്ങൾ അത്ര അനായാസമായിരുന്നില്ല. പല സമയത്തും മുംബൈ വിജയത്തിന് അടുത്തേക്ക് എത്തുമെന്ന് തോന്നിയെങ്കിലും കൃത്യമായ സമയങ്ങളിൽ അവരുടെ വിക്കറ്റുകൾ സ്വന്തമാക്കാൻ ഗുജറാത്ത് ബോളർമാർക്ക് സാധിച്ചു. ഗുജറാത്തിനായി മോഹിത് ശർമ 2.2 ഓവറുകളിൽ 10 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ മത്സരത്തിൽ നേടുകയുണ്ടായി. മത്സരത്തിൽ 62 റൺസിന്റെ വിജയമായിരുന്നു ഗുജറാത്ത് നേടിയത്.