ഇതിഹാസങ്ങളെ പിന്നിലാക്കി ഗില്ലാട്ടം. റെക്കോർഡിൽ മറികടന്നത് കോഹ്ലി, ബാബർ, അംല എന്നിവരെ.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ നേടിയത്. മുഴുവൻ ഓസ്ട്രേലിയൻ ബോളർമാരെയും കടന്നാക്രമിച്ചായിരുന്നു ഗിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയത്. ഈ ഇന്നിംഗ്സോടുകൂടി ഏകദിന ക്രിക്കറ്റിലെ ചില റെക്കോർഡുകളും പേരിൽ ചേർക്കാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 35 ഇന്നിംഗ്സുകൾ പൂർത്തിയാക്കുമ്പോൾ ഏറ്റവുമധികം റൺസ് നേടിയിട്ടുള്ള താരം എന്ന റെക്കോർഡാണ് ശുഭമാൻ ഗിൽ ഇപ്പോൾ തന്റെ പേരിൽ ചേർത്തിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ മുൻ ഓപ്പണർ ഹാഷിം അംലയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഏകദിന കരിയറിലെ ആദ്യ 35 ഇന്നിങ്സുകൾ പിന്നിട്ടപ്പോൾ 1844 റൺസ് ആയിരുന്നു അംല നേടിയത്. ഇതു മറികടക്കാൻ ഗില്ലിന് സാധിച്ചു.

ഈ ലിസ്റ്റിൽ മൂന്നാമത് നിൽക്കുന്നത് പാക്കിസ്ഥാൻ നായകൻ ബാബർ ആസമാണ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 35 ഇന്നിങ്സുകൾ പിന്നിട്ടപ്പോൾ 1758 റൺസാണ് ബാബർ ആസാം നേടിയിരുന്നത്. ഈ എലൈറ്റ് ക്ലബ്ബിൽ വിരാട് കോഹ്ലിയെയും മറികടക്കാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. മാത്രമല്ല ഇതോടുകൂടി വലിയ പ്രതീക്ഷകളാണ് ഗില്ലിന് കൈവന്നിരിക്കുന്നത്. 2023ൽ ഇതുവരെ 1200 ഏകദിന റൺസ് സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചു. ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായി മാറാനുള്ള അവസരം ഗില്ലിന് മുൻപിലുണ്ട്. നിലവിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ് ഈ റെക്കോർഡ് നിൽക്കുന്നത്. 1894 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ ഒരു കലണ്ടർ വർഷം നേടിയത്. ഗില്ലിന് ഇത് മറികടക്കാൻ കേവലം 695 റൺസ് മാത്രമേ ആവശ്യമുള്ളൂ.

ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ റെക്കോർഡ് മറികടക്കുക എന്നത് അനായാസം സാധിക്കുന്ന കാര്യമാണ്. 2023ൽ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകൾ സൃഷ്ടിച്ച ബാറ്റർ എന്ന റെക്കോർഡും ഗിൽ സ്വന്തമാക്കിയിട്ടുണ്ട്. ബാബർ ആസാമിനെ മറികടന്നാണ് ഈ നേട്ടം ഗിൽ കൈവരിച്ചത്. 6 തവണയാണ് ബാബർ ആസാം ഇത്തവണ സെഞ്ചുറി കൂട്ടുകെട്ട് നേടിയത്. ഇങ്ങനെ ഒരുപാട് റെക്കോർഡുകളാണ് ഈ തകർപ്പൻ ഇന്നിങ്സോടുകൂടി ഗിൽ പേരിൽ ചേർത്തത്.

2023 എന്നത് ഗില്ലിനെ സംബന്ധിച്ച് ഒരു സ്വപ്ന വർഷം തന്നെയാണ്. ഈ വർഷം ഇന്ത്യയ്ക്കായി വളരെ സ്ഥിരതയോടെയാണ് ഗിൽ കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി കൂടുതൽ റൺസ്, കൂടുതൽ സെഞ്ച്വറികൾ, കൂടുതൽ അർത്ഥ സെഞ്ചുറികൾ, കൂടുതൽ ബൗണ്ടറികൾ, സിക്സറുകൾ തുടങ്ങി എല്ലാ റെക്കോർഡുകളും ഗിൽ പേരിൽ ചേർത്തിട്ടുണ്ട്. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ ഒരു ഇരട്ട സെഞ്ച്വറി സ്വന്തമാക്കാനും ഗില്ലിന് സാധിച്ചു. പ്രധാനമായും ഇന്ത്യൻ പിച്ചിൽ വളരെ അപകടകരമായ ബാറ്റിംഗ് പ്രകടനമാണ് ഗിൽ കാഴ്ചവയ്ക്കാറുള്ളത്. എതിർ ടീമുകൾക്ക് ഈ ലോകകപ്പിലെ ഒരു പേടിസ്വപ്നമായി ഗിൽ മാറും എന്ന കാര്യത്തിൽ സംശയമില്ല.

Previous articleഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി ഇന്ത്യൻ പെൺപുലികൾ. ഫൈനലിൽ 19 റൺസിന്റെ വിജയം.
Next articleഓസ്ട്രേലിയ ഒന്നും ഇത്തവണ സെമിപോലും കാണില്ല. പ്രവചനവുമായി ഹാഷിം അംല.