മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ യുവതാരമായ ശുഭമാൻ ഗില്ലിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. ശേഷം ബാറ്റിംഗ് നിരയിൽ വലിയ മാറ്റം ഉണ്ടാക്കിയാണ് ഇന്ത്യ മെൽബണിൽ മൈതാനത്ത് എത്തിയത്. രോഹിത് ശർമ ബാറ്റിംഗ് ഓർഡറിൽ അല്പം മുകളിലേക്ക് കയറി ഓപ്പണായാണ് മെൽബണിൽ കളിച്ചത്. നിർണായക മത്സരത്തിൽ രാഹുൽ മൂന്നാം നമ്പറിലും ക്രിസിലെത്തുകയുണ്ടായി. എന്നിരുന്നാലും ഈ നീക്കങ്ങളൊക്കെയും വലിയ പരാജയമായി മാറുകയായിരുന്നു. രോഹിത് ശർമ ബാറ്റിംഗിൽ പൂർണ്ണമായും പരാജയപ്പെട്ടു. രാഹുൽ യാതൊരു സംഭാവനയും ഇന്ത്യയ്ക്ക് നൽകിയില്ല. ഇതിനുശേഷം രോഹിത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം ബാസിത് അലി.
മെൽബൺ ടെസ്റ്റ് മത്സരത്തിൽ 184 റൺസിന്റെ കനത്ത പരാജയമാണ് ഇന്ത്യ നേരിട്ടത്. ഈ പരാജയത്തോടെ 2-1 എന്ന നിലയിൽ ഓസ്ട്രേലിയയ്ക്ക് പരമ്പരയിൽ ലീഡ് ലഭിച്ചിട്ടുണ്ട്. ബെൽമാൻ ടെസ്റ്റ് മത്സരത്തിൽ ഗില്ലിനെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റാനുള്ള രോഹിത് ശർമയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ബാസിത് അലി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്ന കാരണത്താലാണോ രോഹിത് ഗില്ലിനെ ടീമിൽ നിന്ന് പുറത്താക്കിയത് എന്ന് ബാസിത് അലി ചോദിക്കുകയുണ്ടായി.
“മെൽബൺ ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലും പൂജ്യത്തിന് പുറത്തായിരുന്നുവെങ്കിലും ഗില്ലിനെ ഇന്ത്യ മത്സരത്തിൽ കളിപ്പിക്കണമായിരുന്നു എന്നതാണ് എന്റെ അഭിപ്രായം. ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. രോഹിത് ശർമയ്ക്ക് ഇന്നീങ്‌സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിക്കണമായിരുന്നു. അതിനായി അവൻ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പൂർണമായി മാറ്റുകയുണ്ടായി. ഇത് മത്സരത്തിൽ വലിയ മാറ്റമുണ്ടാക്കി.”- ബാസിത് അലി പറഞ്ഞു. മത്സരത്തിലെ രോഹിത്തിന്റെ മോശം ബാറ്റിംഗ് പ്രകടനങ്ങൾക്ക് പിന്നാലെ വലിയ വിമർശനമാണ് എത്തിയിരിക്കുന്നത്. മാത്രമല്ല ക്യാപ്റ്റൻസിയിലും രോഹിത് മെൽബൺ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.
വളരെ അനാവശ്യപരമായ ഷോട്ടുകൾ കളിച്ചാണ് രോഹിത് ശർമ മത്സരത്തിൽ പുറത്തായത്. കൃത്യമായി ബോളർമാരുടെ ലെങ്ത് നിർണയിക്കുന്നതിൽ രോഹിത് 2 ഇന്നിംഗ്സുകളിലും പരാജയപ്പെട്ടു. സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് ശർമ തന്റെ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. അവസാന മത്സരത്തിലെങ്കിലും ഇന്ത്യ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. ഇന്ത്യയെ സംബന്ധിച്ച് നിർണായകമായ ടെസ്റ്റ് മത്സരമാണ് സിഡ്നിയിൽ നടക്കാൻ പോകുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചാൽ മാത്രമേ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ കഴിയൂ.