കായിക ലോകത്ത് ഞെട്ടൽ സൃഷ്ടിച്ചാണ് ഓസ്ട്രേലിയൻ ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ മരണത്തിന് മുൻപിൽ കീഴടങ്ങിയത്. അവിചാരിതമായിട്ടുള്ള വോണിന്‍റെ വിടവാങ്ങൽ ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ച വിടവ് വളരെ വലുതാണ്. ഷെയ്ൻ വോണുമായി കളിക്കവേയുള്ള അനുഭവങ്ങൾ വിശദമാക്കുകയാണ് ഇപ്പോൾ മുൻ താരങ്ങൾ അടക്കം. എന്നാൽ വോണിന്‍റെ അനുസ്മരണ സമയം ഏറ്റവും അധികം വിവാദമായി മാറിയത് മുൻ ഇന്ത്യൻ ഓപ്പണർ ഗവാസ്‌ക്കറുടെ ഒരു പരാമർശമാണ്.
വോൺ ഒരിക്കലും ലോകത്തെ മികച്ച ബൗളർ അല്ലെന്നുള്ള ഗവാസ്ക്കറുടെ അഭിപ്രായമാണ് ഏറെ വിവാദമായി മാറിയത്.ഒരിക്കലും ലോകത്തെ ബെസ്റ്റ് ബൗളർ എന്നൊന്നും വോണിനെ പറയാൻ സാധിക്കില്ലെന്ന് പറഞ്ഞ സുനിൽ ഗവാസ്‌ക്കർ ഇന്ത്യൻ ടീമിന് എതിരെ ഓസ്ട്രേലിയന്‍ താരത്തിന്‍റെ റെക്കോർഡുകൾ മോശമെന്നും ചൂണ്ടികാട്ടി.
മരണപെട്ട വോണിനെ കുറിച്ചുള്ള ഒരു സ്പെഷ്യൽ ചർച്ചയിൽ ഇത്തരം ഒരു നിരീക്ഷണം ഒഴിവാക്കാൻ മുൻ ഇന്ത്യൻ ഇതിഹാസം ശ്രമിക്കേണ്ടിയിരുന്നതായി പല ക്രിക്കറ്റ് പ്രേമികളും ഇതിനകം തന്നെ വിമർശനം ശക്തമാക്കി കഴിഞ്ഞു. ഈ ഒരു സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ഗവാസ്‌ക്കർ തന്നെ എത്തുന്നത്.തന്റെ പരാമർശം ഒരിക്കലും ആ സമയത്തിന് യോജിച്ചതായിരുന്നില്ല എന്നും പറഞ്ഞ ഗവാസ്‌ക്കർ ആ ഒരു അഭിപ്രായം വ്യക്തിപരമെന്നും തുറന്ന് പറഞ്ഞു.
“ചർച്ചയിൽ ഷെയ്ൻ വോണാണോ ലോകത്തെ മികച്ച സ്പിൻ ബൗളർ എന്നുള്ള ചോദ്യം അവതാരകൻ ഉന്നയിച്ചു. ഞാൻ സത്യസന്ധമായി എന്റെ വ്യക്തിപരമായ അഭിപ്രായം വിശദമാക്കി. പക്ഷേ ഇപ്പോൾ നോക്കുമ്പോൾ അത്തരം ഒരു ചോദ്യം ചോദിക്കാനും ഞാൻ ആ ഒരു മറുപടി നൽകാനായുള്ള ശരിയായ സമയമായിരുന്നില്ല അത്. ആ ഒരു സമയം അത്തരം ഒരു ചോദ്യവും ഉത്തരവും വളരെ അനുചിതമായി പോയി. നമുക്ക് 24 മണിക്കൂറിനുള്ളിൽ നഷ്ടമായത് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് “സുനിൽ ഗവാസ്‌ക്കർ പറഞ്ഞു.