2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയത്ത് ലോകകപ്പിലെ വിജയികളെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളൊക്കെയും. ഈ ലോകകപ്പിലെ തങ്ങളുടെ ഫേവറേറ്റ് ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ താരങ്ങളായ സുനിൽ ഗവാസ്കറും ഇർഫാൻ പത്താനും. സുനിൽ ഗവസ്കറിന്റെ പ്രവചനമാണ് ഇന്ത്യൻ ആരാധകരെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഇത്തവണ ലോകകപ്പിൽ ഫേവറേറ്റുകളല്ല എന്നും ഇംഗ്ലണ്ട് കപ്പുയർത്തും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് സുനിൽ ഗവാസ്കർ പറഞ്ഞിരിക്കുന്നത്.
“നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണ കപ്പു ഉയർത്തും എന്നാണ് എനിക്ക് തോന്നുന്നത്. മുൻനിരയിലും മധ്യനിരയിലുമൊക്കെ വളരെ കഴിവുറ്റ ഒരുപാട് താരങ്ങൾ ഇംഗ്ലണ്ട് ടീമിന് ഇത്തവണയുണ്ട്. മാത്രമല്ല മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അത്ഭുതം കാട്ടാൻ സാധിക്കുന്ന ലോകനിലവാരമുള്ള 2-3 ഓൾറൗണ്ടർമാരും ഇംഗ്ലണ്ട് ടീമിന് സ്വന്തമായുണ്ട്. അവരുടെ ബോളിംഗ് ലൈനപ്പും വളരെ മികവാർന്നതാണ്. ഒരുപാട് പരിചയസമ്പന്നരായ ബോളർമാർ ഇംഗ്ലണ്ട് നിരയിലുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ഇത്തവണത്തെ ലോകകപ്പിൽ മികവ് പുലർത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- സുനിൽ ഗവാസ്കർ പറഞ്ഞു.
എന്നാൽ ഇർഫാൻ പത്താന്റെ അഭിപ്രായത്തിൽ ഇന്ത്യ തന്നെ ലോകകപ്പ് നേടാനാണ് സാധ്യത. “ഇന്ത്യ ഇത്തവണത്തെ ലോകകപ്പിൽ എത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കും എന്നറിയാൻ ഞാൻ ആകാംക്ഷഭരിതനാണ്. ഇത്തവണത്തെ ലോകകപ്പിലെ ഒരു ഫേവറേറ്റ് ഇന്ത്യ തന്നെയാണ് എന്ന് ഞാൻ കരുതുന്നു. കാരണം ഏഷ്യാകപ്പ് ടൂർണമെന്റിലും ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലുമൊക്കെ മിന്നുന്ന പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ച വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പിൽ അവർ ഒരു മികച്ച പ്രകടനം പുറത്തെടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.”- പത്താൻ പറഞ്ഞു.
ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് ഇത്. കഴിഞ്ഞ ലോകകപ്പുകളിലൊക്കെയും ഓസ്ട്രേലിയ ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി തന്നെ നിന്നിട്ടുണ്ട്. എന്നിരുന്നാലും ഏകദിന പരമ്പരയിൽ 2-1ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഈ ആത്മവിശ്വാസം ഇന്ത്യയെ ലോകകപ്പിൽ രക്ഷിക്കും എന്നാണ് വിലയിരുത്തൽ.