സിക്സറിന് ഇനി മുതൽ 10 റൺസ് വരെ നൽകണം, നിയമം മാറ്റണം. രോഹിത്തിന്റെ വിചിത്ര വാദം ഇങ്ങനെ.

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച സിക്സ് ഹിറ്ററാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. തന്റെ കരിയറിൽ രോഹിത് നേടിയ റൺസിന്റെ നല്ലൊരു ശതമാനവും സിക്സറുകളിലൂടെയാണ്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്ന ലോക റെക്കോർഡിന് തൊട്ടടുത്താണ് രോഹിത് നിൽക്കുന്നത്. 2023 ഏകദിന ലോകകപ്പിനിടെ രോഹിത് ഈ റെക്കോർഡ് സ്വന്തം പേരിൽ ചേർക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിനിടെ ഒരു വിചിത്രമായ വാദവുമായാണ് രോഹിത് ശർമ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റിലെ സിക്സർ നിയമത്തിൽ മാറ്റം വരുത്തണം എന്നാണ് രോഹിത് ശർമ പറയുന്നത്. ദൈർഘ്യമനുസരിച്ച് സിക്സറിന് വ്യത്യസ്തമായി റൺസ് അനുവദിക്കണം എന്നാണ് രോഹിത്തിന്റെ വാദം.

ഒരു ബാറ്റർക്ക് ചെറുതും വലുതുമായ സിക്സറുകൾ നേടാൻ സാധിക്കുമെന്നും, എല്ലാ സിക്സറിനും 6 റൺസ് മാത്രം നൽകുന്നത് നീതികേടാണെന്നും രോഹിത് വാദിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് ഇതിനെപ്പറ്റി സംസാരിച്ചത്. ക്രിക്കറ്റ് കൂടുതൽ രസകരമാക്കി മാറ്റുന്നതിനായി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്ന നിയമം എന്താണ് എന്നായിരുന്നു ചോദ്യം. ഇതിന് രോഹിത് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

“ബാറ്റർമാരൊക്കെയും പല ദൈർഘ്യത്തിലുള്ള സിക്സറുകൾ നേടാൻ സാധിക്കുന്നവരാണ്. എന്നാൽ എല്ലാത്തിനും 6 റൺസ് മാത്രം അനുവദിക്കുന്നത് യാതൊരു തരത്തിലും ശരിയല്ല. വമ്പൻ ഷോട്ടുകൾക്ക് അത് അർഹിച്ച അംഗീകാരം നൽകണം.”- രോഹിത് പറഞ്ഞു.

“ഒരു ബാറ്റർ 90 മീറ്റർ ദൂരത്തിൽ ഒരു സിക്സർ നേടുകയാണെങ്കിൽ, അതിന് 6 റൺസിന് പകരം 8 റൺസ് നൽകാൻ തയ്യാറാവണം. 100 മീറ്റർ ദൂരത്തിൽ സിക്സർ നേടിയാൽ അതിന് നമ്മൾ 10 റൺസ് നൽകണം. ക്രിസ് ഗെയ്ലിനെ പോലെയുള്ള വമ്പൻ ബാറ്റർമാർ തമാശ രൂപേണ 100 മീറ്റർ സിക്സർ നേടിയിട്ടുപോലും അതിന് വെറും 6 റൺസ് മാത്രം നൽകുന്നത് നീതികേട് തന്നെയാണ്. ഇതിൽ മാറ്റം വരുത്താൻ സാധിക്കണം.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ സിക്സ് വേട്ടക്കാരനാണ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിൽ. ഒരു സമയത്ത് ഗെയിലിന്റെ സിക്സർ റെക്കോർഡ് ഒരിക്കലും തകർക്കാൻ സാധിക്കില്ല എന്നുപോലും ലോക ക്രിക്കറ്റ് വിലയിരുത്തിയിരുന്നു. പക്ഷേ ഗെയിലിന്റെ റെക്കോർഡിന് അടുത്തെത്താൻ രോഹിത് ശർമയ്ക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.

ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലുമായി 553 സിക്സറുകളാണ് ക്രിസ് ഗെയ്ൽ നേടിയിട്ടുള്ളത്. രോഹിത് ശർമ ഇപ്പോൾ 551 സിക്സറുകളുമായി ഗെയിലിന്റെ അടുത്ത് എത്തിയിട്ടുണ്ട്. മൂന്ന് സിക്സർ കൂടി നേടിയാൽ ഗെയിലിന്റെ റെക്കോർഡ് മറികടക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കും. ഓസ്ട്രേലിയക്കെതിരെ ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ തന്നെ റെക്കോർഡ് സൃഷ്ടിച്ച് രോഹിത് ശർമയ്ക്ക് ചരിത്രത്തിൽ ഇടം പിടിക്കാൻ സാധിക്കും എന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്.