ഗാബ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പുറത്തായ രീതിയിൽ തന്നെയായിരുന്നു ഗാബയിലും കോഹ്ലി കൂടാരം കയറിയത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ അനാവശ്യമായി ബാറ്റ് വെച്ച് കീപ്പർക്ക് ക്യാച്ച് നൽകി കോഹ്ലി മടങ്ങുകയാണ് ഉണ്ടായത്.
ജോഷ് ഹേസൽവുഡിന്റെ പന്തിലായിരുന്നു കോഹ്ലി അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കീപ്പർ കെയറിയ്ക്ക് ക്യാച്ച് നൽകി മടങ്ങിയത്. 16 പന്തുകൾ മത്സരത്തിൽ നേരിട്ട കോഹ്ലിയ്ക്ക് കേവലം 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതിന് പിന്നാലെ കോഹ്ലിയ്ക്കെതിരെ വലിയ വിമർശനങ്ങളുമായാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്ത് എത്തിയത്.
കഴിഞ്ഞ 4 വർഷങ്ങൾക്കിടയിൽ ടെസ്റ്റ് മത്സരങ്ങളിൽ കേവലം 3 സെഞ്ചുറികൾ മാത്രമാണ് വിരാട് കോഹ്ലിയ്ക്ക് നേടാൻ സാധിച്ചത്. ഇത്തരത്തിൽ മോശം ഷോട്ടുകൾ കളിച്ചാണ് കോഹ്ലി പല അവസരങ്ങളിലും പുറത്തായിട്ടുള്ളത്. ഇതേ സംബന്ധിച്ചാണ് സുനിൽ ഗവാസ്കർ വാചാലനായത്. ഏഴോ എട്ടോ സ്റ്റമ്പിന് അപ്പുറത്ത് വന്ന പന്തിൽ കോഹ്ലി എന്തിനാണ് ഇത്തരത്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചത് എന്ന് സുനിൽ ഗവാസ്കർ ചോദിക്കുന്നു. സാധാരണയുള്ള ലെങ്ത് ഡെലിവറിയേക്കാൾ അല്പം മുൻപിലേക്ക് കയറിയാണ് ഹേസല്വുഡിന്റെ പന്ത് വന്നത്. ഇത് കോഹ്ലിയ്ക്ക് അനായാസം ലീവ് ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷേ അനാവശ്യമായി കോഹ്ലി ഡ്രൈവ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനെയാണ് സുനിൽ ഗവാസ്കർ വിമർശിച്ചിരിക്കുന്നത്.
“ആ പന്ത് ഒരു നാലാം സ്റ്റമ്പിൽ വരുകയായിരുന്നുവെങ്കിൽ കോഹ്ലിയുടെ ഇത്തരമൊരു ഷോട്ട് ഞാൻ മനസ്സിലാക്കിയേനെ. എന്നാൽ ഇത് ഒരുപാട് വൈഡ് ആയിട്ടാണ് പന്ത് വന്നത്. ഏഴോ എട്ടോ സ്റ്റമ്പിൽ മാത്രമാണ് പന്ത് എത്തിയത്. ആ സമയത്ത് ഇത്തരമൊരു അനാവശ്യപരമായ ഷോട്ട് കളിക്കേണ്ട ആവശ്യം കോഹ്ലിയ്ക്ക് ഉണ്ടായിരുന്നില്ല.”- സുനിൽ ഗവാസ്കർ പറയുന്നു. മാത്രമല്ല മത്സരത്തിൽ കോഹ്ലി അൽപ്പം ക്ഷമ കാട്ടാൻ തയ്യാറാവണമായിരുന്നു എന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി. കോഹ്ലി എത്തുന്ന സമയത്ത് ഇന്ത്യയ്ക്ക് ജയസ്വാളിന്റെയും ഗില്ലിന്റെയും വിക്കറ്റുകൾ നഷ്ടമായിരുന്നു. ഇതിനുശേഷം കോഹ്ലി വേണ്ട രീതിയിൽ ക്ഷമ കാട്ടിയില്ല എന്നാണ് ഗവാസ്കർ പറയുന്നത്.
“ഈ മോശം ഷോട്ടിന്റെ പേരിൽ കോഹ്ലി ഒരുപാട് നിരാശനായിട്ടുണ്ട്. വളരെ ദേഷ്യത്തോടെയാണ് കോഹ്ലി മൈതാനം വിട്ടത്. മത്സരത്തിൽ റിഷഭ് പന്ത് ക്രീസിൽ എത്തിയപ്പോൾ തന്നെ മഴ ഉണ്ടായിരുന്നു. ഒരുപക്ഷേ കോഹ്ലി അല്പം കൂടി ക്ഷമ കാട്ടിയിരുന്നുവെങ്കിൽ രാഹുലിനൊപ്പം പുറത്താവാതെ നിൽക്കാൻ അവന് സാധിച്ചേനെ.”- ഗവാസ്കർ പറഞ്ഞു.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇത്തരത്തിലായിരുന്നു കോഹ്ലിയ്ക്ക് തന്റെ വിക്കറ്റ് നഷ്ടമായത്. കൃത്യമായി ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തിന്റെ ദിശ നിർണയിക്കുന്നതിൽ കോഹ്ലി സമീപകാലത്ത് ഒരുപാട് പരാജയപ്പെട്ടിട്ടുണ്ട്. ഇതേ സംബന്ധിച്ച് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി.