ഐപിൽ പതിനഞ്ചാം സീസണിൽ പ്ലേഓഫ് പ്രതീക്ഷകൾ ഒരിക്കൽ കൂടി സജീവമാക്കി റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീം. ഇന്നലെ നടന്ന കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിന് എതിരെ എട്ട് വിക്കറ്റിന്റെ വമ്പൻ ജയം സ്വന്തമാക്കിയാണ് ഡൽഹി പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുത്തത്. എന്നാൽ ഇന്നലെത്തെ തോൽവി കനത്ത തിരിച്ചടി നൽകിയിരിക്കുന്നത് സഞ്ജു സാംസണിനും സംഘത്തിനുമാണ്.
ഇന്നലെ ജയിച്ചിരുന്നെങ്കിൽ ടോപ് ടൂവിലേക്ക് സ്ഥാനം നേടാനായി കഴിയുമായിരുന്ന രാജസ്ഥാൻ ടീമിന് മറ്റൊരു തോൽവിയോടെ 12 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും 5 തോൽവിയും അടക്കം 14 പോയിന്റുകളായി. ശേഷിക്കുന്ന രണ്ട് കളികൾ ഇതോടെ സഞ്ജുവിനും ടീമിനും ജീവന്മരണ പോരാട്ടങ്ങളായി മാറി.
അതേസമയം ഇന്നലത്തെ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ സഞ്ജുവിനെ എതിരെ അടക്കം ക്രിക്കറ്റ് ലോകത്ത് നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ക്യാപ്റ്റൻസിയിൽ അടക്കം സഞ്ജുവിന് പിഴച്ചതായി ക്രിക്കറ്റ് നിരീക്ഷകർ അടക്കം ചൂണ്ടികാട്ടുമ്പോൾ സഞ്ജു സാംസൺ അഞ്ചാമതായി മാത്രം ഇന്നലെ ബാറ്റിംഗിന് എത്തിയതിനെയാണ് സുനിൽ ഗവാസ്ക്കർ ചോദ്യം ചെയ്യുന്നത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ബട്ട്ലർ പുറത്തായപ്പോൾ മൂന്നാം നമ്പറിൽ അശ്വിനാണ് എത്തിയത്. അർദ്ധ സെഞ്ച്വറിയുമായി രവി അശ്വിൻ തിളങ്ങിയെങ്കിലും അശ്വിന് പകരം സഞ്ജു അടക്കം ബാറ്റ്‌സ്മാന്മാർ ആ റോളിൽ ഇറങ്ങണമായിരുന്നനെവന്നാണ് മുൻ താരങ്ങളുടെ അഭിപ്രായം.
ഇക്കാര്യം തുറന്ന് പറഞ്ഞ ഗവാസ്ക്കർ സഞ്ജു നാലാം നമ്പർ ബാറ്റ്‌സ്മാൻ ആണെങ്കിൽ അദ്ദേഹം ആ സ്ഥാനത് എത്താനുള്ള ധൈര്യം കാണിക്കണമെന്ന് അഭിപ്രായപെട്ടു. “നമുക്ക് എല്ലാം അറിയാം സഞ്ജു എത്രത്തോളം പവർ ഹിറ്റിങ് അവകാശപെടാൻ കഴിവുള്ള ഒരു താരമാണെന്ന്. അദ്ദേഹത്തിന് ക്രീസിലേക്ക് എത്തിയ ഉടനെ അടിച്ചുകളിക്കാനുള്ള മിടുക്ക് കൈവശമുണ്ട്.”
” സഞ്ജുവാണ് നാലാമത് എത്തേണ്ട ബാറ്റ്‌സ്മാൻ എങ്കിൽ അദ്ദേഹം ആ സ്ഥാനത്ത് ഇറങ്ങി തന്റെ ജോലി ഭംഗിയായി നിർവഹിക്കണം. അതിനുള്ള ധൈര്യവും ആത്മവിശ്വാസവും സഞ്ജു കാണിക്കണം. പിന്നെ എന്തിനാണ് ഈ ബാറ്റിങ് ഓർഡറിലെ മാറ്റങ്ങൾ.” ഗവാസ്ക്കർ ചോദിച്ചു.