ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ തന്നെ റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും വിക്കറ്റുകൾ നഷ്ടമായിരുന്നു. മത്സരത്തിൽ ഇന്ത്യ പ്രതിസന്ധിഘട്ടത്തിൽ ആയിരുന്നതിനാൽ തന്നെ പന്ത് പക്വതയാർന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യയെ കൈപിടിച്ചു കയറ്റും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ 37 ബോളുകളിൽ 28 റൺസ് നേടിയ പന്ത് ഒരു അനാവശ്യ ഷോട്ട് കളിച്ചു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മത്സരത്തിൽ കുറച്ച് ഭാഗ്യം പന്തിന് ലഭിച്ചെങ്കിലും അത് മുതലാക്കുന്നതിൽ താരം പരാജയപ്പെട്ടു. ഇപ്പോൾ പന്തിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.
മത്സരത്തിൽ സ്കോട്ട് ബോളണ്ടിന്റെ ഒരു ബോളിൽ ലാപ് ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് പന്ത് പുറത്തായത്. നതാൻ ലയനാണ് പന്തിനെ പുറത്താക്കാനായി ക്യാച്ച് സ്വന്തമാക്കിയത്. ഇപ്പോൾ പന്തിന്റെ ഷോട്ട് സെലക്ഷനെ വിമർശിച്ചാണ് സുനിൽ ഗവാസ്കർ രംഗത്ത് എത്തിയിരിക്കുന്നത്.
“അതൊരു ഞെട്ടിക്കുന്ന ഷോട്ട് സെലക്ഷൻ തന്നെയായിരുന്നു. പ്രത്യേകിച്ച് ആ ഫീൽഡർ ആ പൊസിഷനിൽ നിൽക്കുന്ന സമയത്ത്. നിലവിൽ പന്തിനെ സംബന്ധിച്ച് 2 തരത്തിലാണ് റൺസ് കണ്ടെത്തുന്നത്. ഒന്ന് ലോങ് ഓണിലൂടെ ആക്രമണ ഷോട്ട് കളിക്കുന്നു. രണ്ട്, ഇത്തരത്തിൽ ലാപ് ഷോട്ടുകൾ കളിക്കുന്നു.”- സുനിൽ ഗവാസ്കർ പറഞ്ഞു.
“ഇത്തരത്തിലാണ് പന്ത് ഇനിയും കളിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവനെ അഞ്ചാം നമ്പർ ബാറ്ററായി പരിഗണിക്കാനേ പാടില്ല. ഇത്തരം ഷോട്ടുകളാണ് അവന്റെ ലക്ഷ്യമെങ്കിൽ വാലറ്റ നിരയിൽ അവനെ ബാറ്റിംഗിന് ഇറക്കിയാൽ മതിയാവും. അങ്ങനെയാണെങ്കിൽ ചില മത്സരങ്ങളിൽ അവന് ഭാഗ്യത്തിന്റെ പിന്തുണയോടെ കുറച്ച് റൺസ് സ്വന്തമാക്കാൻ സാധിക്കും. മത്സരത്തിൽ അവൻ നേടിയ കുറച്ചു ബൗണ്ടറികൾ ശ്രദ്ധിച്ചു നോക്കൂ. പലതും ബാറ്റിന്റെ എഡ്ജിൽ കൊണ്ട് സ്ലിപ്പിന്റെ മുകളിലൂടെ ബൗണ്ടറിയായി മാറുകയായിരുന്നു. പല മത്സരങ്ങളിലും അർത്ഥസെഞ്ച്വറി സ്വന്തമാക്കുന്നതിൽ പോലും പന്ത് പരാജയപ്പെടുന്നു. അതുകൊണ്ടുതന്നെ പന്ത് അഞ്ചാം നമ്പറിന് യോജിച്ച ബാറ്ററാണോ എന്ന് ആലോചിക്കണം.”- ഗവാസ്‌കർ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ വലിയ തിരിച്ചടിയായിരുന്നു പന്തിന്റെയും ജഡേജയുടെയും പുറത്താകൽ ഇന്ത്യയ്ക്ക് നൽകിയത്. ഇതിന് ശേഷം ഇന്ത്യ 221 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തകർന്നു വീഴുകയുണ്ടായി. പിന്നീട് യുവതാരം നിതീഷ് റെഡ്ഡിയും വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. ഇരുവരും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുത്തു. ഇങ്ങനെയാണ് ഇന്ത്യ മത്സരത്തിൽ ഫോളോഓൺ ഒഴിവാക്കിയത്. നിതീഷ് തന്റെ ആദ്യ ടെസ്റ്റ് അർധ സെഞ്ച്വറിയും മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.