ഗൗതി ഭായി ഞങ്ങൾക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നു. ടീമിന്റെ എനർജി വിജയത്തിന് കാരണം : സൂര്യകുമാർ

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചായിരുന്നു ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അർത്ഥസെഞ്ച്വറി നേടിയ ജോസ് ബട്ലറുടെ ബലത്തിൽ 132 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്കായി ഇടംകയ്യൻ ഓപ്പണർ അഭിഷേക് ശർമ തീയായി മാറി.

34 പന്തുകളിൽ 5 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 79 റൺസ് ആണ് അഭിഷേക് നേടിയത്. ഇതോടെ ഇന്ത്യ 133 റൺസ് എന്ന ലക്ഷ്യം 43 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. മത്സരത്തിലെ ഈ കൂറ്റൻ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

ടീമിന്റെ എനർജിയാണ് മത്സരത്തിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “ഞങ്ങൾ മത്സരം ആരംഭിച്ച ആ എനർജിയാണ് ഞങ്ങളുടെ വിജയത്തിൽ പ്രധാനമായി മാറിയത്. അതാണ് ഞങ്ങൾ ഇനിയും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നതും. മത്സരത്തിൽ ഞങ്ങളുടെ എല്ലാ ബോളർമാർക്കും തങ്ങളുടെതായ തന്ത്രങ്ങൾ ഉണ്ടായിരുന്നു. അത് നന്നായി തന്നെ പ്രാവർത്തികമാക്കാൻ അവർക്ക് സാധിച്ചു. 3 സ്പിന്നർമാരെയാണ് ഞങ്ങൾ മത്സരത്തിലേക്ക് നിയോഗിച്ചത്. എല്ലാവരും അവരവരുടെ ബലത്തിനനുസരിച്ച് മികവ് പുലർത്തിയവരാണ്. എല്ലാവരും മനോഹരമായി തന്നെ തങ്ങളുടെ ജോലി നിർവഹിച്ചു.”- സൂര്യ പറഞ്ഞു.

“വരുൺ ചക്രവർത്തി ഞങ്ങളെ സംബന്ധിച്ചു നിർണായകമായ ഒരു താരമാണ്. കാര്യങ്ങൾ വളരെ ലളിതമായി കാണാൻ അവന് സാധിക്കുന്നുണ്ട്. ഇതുവരെയും കൃത്യമായ തയ്യാറെടുപ്പുകൾ ആണ് അവൻ നടത്തിയിട്ടുള്ളത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ അർഷദീപ് സിങും കൃത്യമായി ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്താണ് മുന്നോട്ടുപോയത്. സ്ഥിരതയോടെ ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അർഷദീപിന് സാധിക്കുന്നുണ്ട്. മാത്രമല്ല ഞങ്ങളുടെ പരിശീലകനായ ഗൗതി ഭായി ഞങ്ങൾക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ട്. സമീപകാലത്ത് ഞങ്ങൾ ഫീൽഡിങ് പരിശീലകനൊപ്പം കൂടുതൽ സമയം ചെലവഴിച്ചിരുന്നു.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർക്കുന്നു.

മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് വരുൺ ചക്രവർത്തിയെ ആയിരുന്നു. 3 വിക്കറ്റുകളാണ് വരുൺ മത്സരത്തിൽ സ്വന്തമാക്കിയത്. തന്റെ മികച്ച പ്രകടനത്തിന് സഹായകരമായി മാറിയത് ഐപിഎല്ലാണ് എന്ന് വരുൺ ചക്രവർത്തി പറഞ്ഞു. ഐപിഎല്ലിൽ ഇത്തരം പിച്ചുകളിൽ തങ്ങൾ കളിച്ചിട്ടുണ്ട് എന്നാണ് വരുൺ കൂട്ടിച്ചേർത്തത്. മത്സരത്തിൽ താൻ എറിഞ്ഞ അവസാന ഓവർ വളരെ വെല്ലുവിളികൾ നേരിട്ടതായിരുന്നു എന്ന് വരുൺ ചക്രവർത്തി പറയുന്നു. സ്പിൻ അനുകൂലമായി വരാത്ത സാഹചര്യത്തിൽ ബൗൺസിനെ താൻ ആശ്രയിക്കാറുണ്ട് എന്നും വരുൺ പറഞ്ഞുവച്ചു..

Previous articleഅഭിഷേക് ശർമയുടെ ആറാട്ട്. ഇംഗ്ലണ്ടിനെ തുരത്തി ഇന്ത്യൻ യുവനിര.
Next articleരഞ്ജിയിലും പരാജയമായി ഇന്ത്യൻ മുൻനിര. രോഹിത് 3, ജയസ്വാൾ 4, അയ്യർ 11, ദുബെ 0.