2022ലെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ കുട്ടി ക്രിക്കറ്റിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ സീനിയർ താരങ്ങളൊന്നും ഇന്ത്യക്കായി ട്വന്റി20കളിൽ കളിച്ചിട്ടില്ല. രോഹിത് ശർമയും വിരാട് കോഹ്ലിയും അടക്കമുള്ള വമ്പൻ താരങ്ങളൊക്കെയും മാറിനിൽക്കുകയാണ് ചെയ്തത്. ഒപ്പം ഐപിഎൽ അടക്കമുള്ള ടൂർണമെന്റുകളിൽ കളി മികവ് പുലർത്തിയ യുവതാരങ്ങളെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
2024 ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് യുവ താരങ്ങളെ അണിനിരത്തി ഇന്ത്യ ട്വന്റി20 ടീം ശക്തമാക്കുന്നത്. നിലവിൽ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകൻ. എന്നാൽ 2024 ട്വന്റി20 ലോകകപ്പിൽ ഹർദിക് പാണ്ഡ്യ നായകനാവേണ്ട കാര്യമില്ല എന്നാണ് ഗൗതം ഗംഭീർ ഇപ്പോൾ പറയുന്നത്.
ടീമിൽ മാറ്റങ്ങൾ നല്ലതാണെങ്കിലും ഹർദിക് പാണ്ഡ്യ 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് ഗംഭീർ പറയുന്നു. പാണ്ഡ്യയ്ക്കു പകരം രോഹിത് ശർമ തന്നെ ഇന്ത്യയെ ടൂർണമെന്റിൽ നയിക്കണം എന്നാണ് ഗൗതം ഗംഭീറിന്റെ അഭിപ്രായം. സ്പോർട്സ് കീഡയോട് സംസാരിക്കുന്ന സമയത്താണ് ഗംഭീർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും കളിക്കണമെന്നും ഗംഭീർ പറയുകയുണ്ടായി. 2023 ഏകദിന ലോകകപ്പിൽ രോഹിത് പുറത്തെടുത്ത മനോഭാവം ഇന്ത്യയ്ക്ക് 2024 ട്വന്റി20 ലോകകപ്പിലും ഗുണം ചെയ്യുമെന്നും, അതിനാൽ രോഹിത്തിനെ നായകനായി ടീമിൽ ഉൾപ്പെടുത്തണമെന്നുമാണ് ഗംഭീർ പറയുന്നത്.
“തീർച്ചയായും ഇന്ത്യ കോഹ്ലിയെയും രോഹിത്തിനെയും തങ്ങളുടെ ടീമിലേക്ക് ഉൾപ്പെടുത്തേണ്ടതുണ്ട്. അവർ തിരഞ്ഞെടുക്കപ്പെടണം. പ്രധാനമായും ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമ നായകനായി കളിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ ട്വന്റി20 നായകൻ തന്നെയാണ് എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ വരാനിരിക്കുന്ന ലോകകപ്പിൽ രോഹിത് ശർമയെ നായകനായി കളിപ്പിക്കുന്നതാണ് ഉത്തമം.”
“ഈ ലോകകപ്പിൽ തന്നെ രോഹിത് തന്റെ ബാറ്റിംഗിൽ മികവ് പുലർത്തിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ രോഹിത് ശർമയെ തിരഞ്ഞെടുത്താൽ വിരാട് കോഹ്ലിക്കും ടീമിൽ സ്ഥാനം ലഭിക്കും. രോഹിത് ട്വന്റി20 ലോകകപ്പ് കളിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അയാളെ നായകനായി തന്നെ ടീമിൽ എടുക്കണം.”- ഗംഭീർ പറയുന്നു.
എന്നാൽ രോഹിത് ഇനിയും ട്വന്റി20 മത്സരങ്ങളിൽ കളിക്കില്ല എന്ന് വിവിധ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതേ സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല. നിലവിലെ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകൻ ഹർദിക് പാണ്ട്യയാണെങ്കിലും, പരിക്കിന്റെ പിടിയിലാണ് താരം.
ഈ സാഹചര്യത്തിൽ സൂര്യകുമാർ യാദവാണ് ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. എന്തായാലും വരും നാളുകളിൽ ഇന്ത്യൻ ട്വന്റി20 ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.