ഏകദിന ക്രിക്കറ്റില്‍ മധ്യനിരയില്‍ തിളങ്ങാന്‍ ഇഷാന്‍ കിഷന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മധ്യനിരയില്‍ ഇറങ്ങി ഇഷാന്‍ കിഷന്‍ കാഴ്ച്ചവച്ചത്. അഞ്ചാം നമ്പറില്‍ എത്തി 82 റണ്‍സ് നേടി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ശ്രീലങ്കക്കെതിരെയുള്ള ഫൈനലില്‍ ഓപ്പണറായാണ് ഇഷാന്‍ കളിച്ചത്.
ഒരു മികച്ച മധ്യനിര താരമാവാന്‍ ഒരുപാട് കാര്യങ്ങള്‍ ഇഷാന്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. ” ഇഷാന്‍ കിഷനെ അഞ്ചാം നമ്പറിലാണ് കാണുന്നതെങ്കില്‍ അവന്‍ ഒരുപാട് മെച്ചപ്പെടാനുണ്ട്. ഓപ്പണറായി ഇറങ്ങിയപ്പോള്‍ മറ്റൊരു ഇഷാനെയാണ് കണ്ടത്. 200 ന് 3 എന്ന നിലയില്‍ ആണെങ്കില്‍, മധ്യ ഓവറില്‍ ഓഫ് സ്പിന്നര്‍ ബോള്‍ ചെയ്യുമ്പോള്‍ ഫ്രീ ആയി കളിക്കാം ”
” എന്നാല്‍ 50 ന് 3 എന്ന സാഹചര്യം വരുകയാണെങ്കില്‍, നിങ്ങള്‍ക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കഴിയുമോ ? ലോകകപ്പിനു മുന്‍പ് ഇത് ശരിയാക്കാനുള്ള അവസരം ഉണ്ട്. ” ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഓഫ് സ്പിന്നറിനെതിരെ ബുദ്ധിമുട്ടിയത് ചൂണ്ടികാട്ടി ഗംഭീര്‍ പറഞ്ഞു.
ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ കളിക്കുന്ന താരം കൂടുതലും സ്പിന്‍ ബോളിംഗിനെ നേരിടേണ്ടി വരും എന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. അഞ്ചാം നമ്പര്‍ പൊസിഷന്‍ മാത്രമാണ് നിലവില്‍ ഇന്ത്യന്‍ ടീമില്‍ വ്യക്തത വരേണ്ടത് എന്നും കൂട്ടിചേര്‍ത്തു.
ഇന്ത്യയുടെ അടുത്ത പോരാട്ടം ഓസ്ട്രേലിയക്കെതിരെയാണ്.സെപ്തംബര്‍ 22, 24, 27 തീയ്യതികളിലാണ് മത്സരം നടക്കുക.