2023 ഏകദിന ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. മുൻപ് 2011ൽ ഇന്ത്യൻ മണ്ണിൽ ലോകകപ്പ് നടന്നപ്പോൾ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ കിരീടം ചൂടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ 2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐസിസി കിരീടം ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിച്ചില്ല. ഇത്തവണ അതിനെല്ലാമുള്ള അവസരമാണ് ഇന്ത്യയ്ക്ക് വന്നു ചേർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ 2023 ഏകദിന ലോകകപ്പിനുള്ള തന്റെ ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
ഏഷ്യാകപ്പിലെ ഇന്ത്യ- നേപ്പാൾ മത്സരത്തിന്റെ കമന്ററിയ്ക്കിടെയാണ് ഗംഭീർ തന്റെ ഏകദിന ലോകകപ്പ് സ്ക്വാഡ് പുറത്തുവിട്ടത്. ശ്രേയസ് അയ്യരെ ഒഴിവാക്കിയാണ് ഗംഭീർ ഇന്ത്യക്കായി സ്ക്വാഡ് നിശ്ചയിച്ചിരിക്കുന്നത്. ഗംഭീറിന്റെ സ്ക്വാഡിൽ രോഹിത് ശർമ, ശുഭമാൻ ഗിൽ, വിരാട് കോഹ്ലി എന്നീ താരങ്ങളാണ് ഇന്ത്യൻ മുൻനിരയിലുള്ളത്. ഇവർക്കൊപ്പം സൂര്യകുമാർ യാദവും ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി സ്‌ക്വാഡിൽ ഇടം പിടിക്കുമെന്നാണ് ഗംഭീർ കരുതുന്നത്. എല്ലാവരും ഏകദിന ലോകകപ്പിൽ നിർണ്ണായക പങ്കുവഹിക്കുമെന്നും ഗംഭീർ കൂട്ടിച്ചേർക്കുന്നു. എന്നാൽ നാലാം നമ്പറിൽ ഇന്ത്യയുടെ സൂപ്പർ താരം ശ്രേയസ് അയ്യരെ ഗംഭീർ ഒഴിവാക്കിയിട്ടുണ്ട്.
തന്റെ സ്ക്വാഡിൽ വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിനെയും ഇഷാൻ കിഷനെയുമാണ് ഗംഭീർ ഉൾപ്പെടുത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, ഹർദിക് പാണ്ഡ്യ എന്നിവരെ ഗംഭീർ തന്റെ ടീമിൽ ഓൾറൗണ്ടർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കൊപ്പം വാഷിംഗ്ടൺ സുന്ദറിനെയും തന്റെ ടീമിൽ ഉൾപ്പെടുത്താൻ ഗംഭീർ തയ്യാറായി. ബോളിഗ് അറ്റാക്കിലും ഒരുപാട് പുതുമകളാണ് ഗംഭീർ വരുത്തിയിരിക്കുന്നത്. ഇന്ത്യൻ പേസ് ബോളിങ്ങിന് നേതൃത്വം നൽകുന്നത് ജസ്പ്രീത് ബുംറ തന്നെയാണ്. ബുംറക്കൊപ്പം മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് എന്നിവരും ഗംഭീറിന്റെ പേസ് നിരയിൽ അണിനിരക്കുന്നു.
സ്പിൻ വിഭാഗത്തിൽ ഗംഭീർ പൂർണമായും ആശ്രയിക്കുന്നത് കുൽദീപ് യാദവിനെയാണ്. കുൽദീപിനെ മാത്രമാണ് സ്ക്വാഡിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഗൗതം ഗംഭീർ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ, യുവതാരം തിലക് വർമ്മ എന്നിവരെ ഉൾപ്പെടുത്താൻ ഗംഭീർ തയ്യാറായിട്ടില്ല. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനു മുൻപിലേക്ക് വലിയൊരു നിർദ്ദേശം തന്നെയാണ് ഗൗതം ഗംഭീർ വെച്ചിരിക്കുന്നത്.