നേപ്പാളിനെ തകര്‍ത്തു. ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു.

ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. നേപ്പാളിനെതിരെയുള്ള പോരാട്ടത്തില്‍ 10 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് A യില്‍ പാക്കിസ്ഥാന്‍റൊപ്പം ഇന്ത്യയും സൂപ്പര്‍ ഫോറിലേക്ക് മുന്നേറി.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 2.1 ഓവറില്‍ 17 റണ്‍സില്‍ നില്‍ക്കുമ്പോള്‍ മഴ പെയ്യുകയായിരുന്നു. പുതുക്കിയ വിജയലക്ഷ്യം 23 ഓവറില്‍ 145 ആയിരുന്നു. ഇത് അനായാസം ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (59 പന്തില്‍ 74 6 ഫോറും 5 സിക്സും) ശുഭ്മാന്‍ ഗില്ലും (62 പന്തില്‍ 67 8 ഫോറും 1 സിക്സും ) ചേര്‍ന്ന് 20.1 ഓവറില്‍ ലക്ഷ്യം കണ്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ (48) എന്നിവരുടെ മികച്ച പ്രകടനമാണ് നേപ്പാളിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു