നിർണായക മാറ്റങ്ങളാണ് ഇന്ത്യയുടെ ട്വന്റി-20 ടീമിൽ നടത്തുന്നത്. ഇപ്പോഴിതാ ഈ മാറ്റങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. കളിക്കുമ്പോൾ ഭയം കൂടാതെ നേരിടുന്ന സമീപനമാണ് ഇന്ത്യക്ക് വേണ്ടതെന്നും അതിനായി യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തി സീനിയർ താരങ്ങൾ മാറിനിൽക്കണം എന്നുമാണ് ഗംഭീർ പറഞ്ഞത്.
രാഹുൽ ത്രിപാഠി, പ്രിത്വി ഷാ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നതിനെയും, മുതിർന്ന താരങ്ങളായ രാഹുൽ, രോഹിത്, കോഹ്ലി എന്നിവർ മാറിനിൽക്കുന്നതിനെയുമാണ് ഗംഭീർ പിന്തുണച്ചത്. “വ്യക്തത ഉണ്ടായിരിക്കേണ്ടത് ടീം പ്ലാനിങ്ങിനെ കുറിച്ചാണ്. നല്ല ആശയവിനിമയം ഉണ്ടാകേണ്ടത് സെലക്ടർമാരും കളിക്കാരും തമ്മിലാണ്.
ഒരു കളിക്കാരനെ ഒഴിവാക്കുവാൻ സെലക്ടർമാർ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അവർ ആ തീരുമാനവുമായി മുന്നോട്ടു പോകട്ടെ. ഒരുപാട് രാജ്യങ്ങൾ അത്തരത്തിൽ ചെയ്തിട്ടുണ്ട്. നമ്മൾ എതിർക്കുന്നത് ചില വ്യക്തികൾക്ക് അപ്പുറത്തേക്ക് സെലക്ടർമാർ ചിന്തിക്കുമ്പോഴാണ്. പ്രാധാന്യം നൽകേണ്ടത് ടീമിനാണ് മറിച്ച് വ്യക്തികൾക്ക് അല്ല എന്ന് മനസ്സിലാക്കണം. നമ്മൾ ചിന്തിക്കേണ്ടത് അടുത്ത ലോകകപ്പിനെ കുറിച്ചാണ്.
ഈ താരങ്ങൾക്ക് അതിന് സാധിച്ചില്ലെങ്കിൽ സൂര്യ കുമാർ യാദവ് അടക്കമുള്ള പുതിയ തലമുറയ്ക്ക് അതിന് സാധിക്കില്ല എന്ന് പറയാൻ പറ്റില്ല. എന്നോട് വ്യക്തിപരമായി ചോദിക്കുകയാണെങ്കിൽ ആ കൂട്ടത്തിൽ വേണ്ടത് ഇഷാൻ കിഷൻ, സൂര്യ കുമാർ യാദവ് എന്നിവരാണ്. അവിടെ ഹർദിക് പാണ്ഡ്യയുണ്ട്. ആ ടീമിൽ ഞാൻ ആഗ്രഹിക്കുന്ന മറ്റു പേർ സഞ്ജു സാംസൺ, പൃഥ്വി ഷാ, രാഹുൽ ത്രിപാടി എന്നിവരുടെ പേരുകളാണ്. ഭയമില്ലാതെ അവർക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയും.”- അദ്ദേഹം പറഞ്ഞു.