ഞായറാഴ്ച തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 42 റൺസ് എടുത്താണ് പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടാതെ 50 ഇന്നിങ്‌സുകൾ പിന്നിട്ടിരിക്കുകയാണ് രോഹിത് ശര്‍മ്മ. സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കുന്നതിനിടെ, രോഹിത് ശര്‍മ്മയുടെ സെഞ്ചുറി വരള്‍ച്ചയെ പറ്റി ഗൗതം ഗംഭീര്‍ തന്‍റെ ആശങ്ക രേഖപ്പെടുത്തി.
മൂന്ന് വർഷത്തിലേറെയായി ഒരു സെഞ്ച്വറി രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ട സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയുടെ അവസ്ഥയുമായി താരതമ്യപ്പെടുത്തി.
“നമുക്ക് ഒരേ ഘട്ടത്തിൽ സംസാരിക്കണം. മൂന്നര വർഷമായി വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി ലഭിച്ചില്ല. രോഹിത് സ്വയം പഴിക്കുകയാണെന്ന് ഞാൻ കരുതുന്നു. രോഹിത് ശർമ്മയ്ക്കും ഇത് ഒരുപോലെ ബുദ്ധിമുട്ടായിരിക്കും. 50 ഇന്നിംഗ്‌സുകൾ, അത് ഒന്നോ രണ്ടോ മത്സരങ്ങളിൽ സെഞ്ച്വറി നേടാത്തത് പോലെയല്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് നോക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ കളിയിൽ നിന്ന് ഒരു കാര്യമാണ് നഷ്‌ടമായിരിക്കുന്നത്, അത് ആ സെഞ്ചുറികൾ നേടാനുള്ള കഴിവാണ്,” ഗംഭീർ പറഞ്ഞു.
രോഹിത് നന്നായി കളിക്കുന്നുണ്ടെങ്കലും ലഭിക്കുന്ന നല്ല തുടക്കങ്ങള്‍ വലിയ പ്രകടനങ്ങളാക്കി മാറ്റണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. 2021 സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ ഓവലിൽ വെച്ചാണ് രോഹിത് അവസാനമായി സെഞ്ച്വറി നേടിയത്. അതേസമയം, തന്റെ അവസാന നാല് ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികളാണ് കോഹ്‌ലി നേടിയത്. കഴിഞ്ഞ വർഷം ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തന്റെ കന്നി ടി20 സെഞ്ച്വറി നേടിയതിന് ശേഷം അദ്ദേഹം സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ചിരുന്നു.