ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ ഇന്ത്യയുടെ പരാജയത്തിന് ശേഷം ശ്രദ്ധേയമായി ഗൗതം ഗംഭീറിന്റെ വാക്കുകൾ. ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്തുണ്ടായ പരാജയങ്ങൾക്ക് കാരണം അമിതമായ താരാരാധനയാണ് എന്നാണ് ഗംഭീർ മത്സരശേഷം പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ തങ്ങളുടെ ടീമിൽ അധികമായി താരങ്ങളെ ആരാധിക്കാൻ തുടങ്ങിയതാണ് മത്സരങ്ങളിൽ പരാജയമുണ്ടാക്കാൻ പ്രധാന കാരണമായി മാറിയത് എന്നാണ് ഗംഭീറിന്റെ പക്ഷം. ഇതിന് ഉദാഹരണങ്ങൾ നിരത്തിയാണ് ഗൗതം ഗംഭീർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
“നമ്മുടെ രാജ്യം പൂർണമായും ടീമിന് പ്രാധാന്യം നൽകുന്നില്ല. ഓരോ വ്യക്തികൾക്കാണ് ആരാധകർ പ്രാധാന്യം കൂടുതൽ നൽകുന്നത്. ടീമിനെക്കാളും വലുതാണ് വ്യക്തികൾ എന്ന ചിന്തയാണ് നമ്മുടെ ആരാധകർക്ക് പോലും ഉള്ളത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലൊന്നും ഇങ്ങനെയല്ല കാര്യങ്ങൾ. അവിടെ വ്യക്തികൾക്ക് അതീതമായി ടീമിന് അവർ പ്രാധാന്യം നൽകുന്നു. ഇന്ത്യൻ രാഷ്ട്രീയമായാലും ഇന്ത്യൻ ക്രിക്കറ്റായാലും ഇത്തരം താരാരാധനകൾ അംഗീകരിക്കാനാവുന്നതല്ല. അതിൽനിന്ന് നമ്മൾ പുറത്തു വരേണ്ടിയിരിക്കുന്നു. നമ്മൾ ഹീറോകളെ ആരാധിക്കുന്നത് നിർത്തണം. പകരം ഇന്ത്യൻ ക്രിക്കറ്റിനെ ആരാധിക്കണം.”- ഗൗതം ഗംഭീർ പറയുന്നു.
1983 ലോകകപ്പിലെ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഗംഭീർ വ്യക്തിയാരാധനയെ വിമർശിച്ചത്. ആ ലോകകപ്പ് മുതൽ ഇന്ത്യയിൽ വ്യക്തിയാരാധനകൾ വലിയ കാര്യമായി മാറിയെന്നാണ് ഗംഭീറിന്റെ പക്ഷം. 1983ലെ ലോകകപ്പിന്റെ ഫൈനലിലും സെമിഫൈനലിലും മാൻ ഓഫ് ദ് മാച്ച് സ്വന്തമാക്കിയത് മോഹീന്തർ അമർനാഥ് ആയിരുന്നു. എന്നാൽ 1983 ലോകകപ്പിനെ സംബന്ധിച്ചുള്ള ഒരു ചിത്രങ്ങളിൽ പോലും അദ്ദേഹത്തിനെ കണ്ടില്ലയെന്നും എല്ലായിടത്തും കപിൽ ദേവ് മാത്രമാണ് നിറഞ്ഞുനിൽക്കുന്നത് എന്നും ഗംഭീർ കൂട്ടിച്ചേർക്കുന്നു.
എന്തായാലും തുടർച്ചയായി ഐസിസി കിരീടങ്ങൾ നഷ്ടമാകുന്ന ഇന്ത്യയെ സംബന്ധിച്ച് ഗംഭീറിന്റെ വാക്കുകൾ വിലപ്പെട്ടതാണ്. മുൻപ് ഇന്ത്യൻ താരങ്ങൾ ദേശീയ ക്രിക്കറ്റിനെക്കാളുപരി ഇന്ത്യൻ പ്രീമിയർ ലീഗിന് പ്രാധാന്യം നൽകുന്നു എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ശേഷമാണ് ഗംഭീർ ഇപ്പോൾ താരാരാധനയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്തായാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഇന്ത്യൻ ക്രിക്കറ്റിനെ വരും ദിവസങ്ങളിൽ ബാധിക്കും എന്നത് ഉറപ്പാണ്.