കിരീട പ്രതീക്ഷകളുമായി ആയിരുന്നു പാക്കിസ്ഥാൻ ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. എന്നാൽ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല ഓസ്ട്രേലിയയിലെത്തി ലോകകപ്പ് തുടങ്ങിയപ്പോൾ സംഭവിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെയും, രണ്ടാം മത്സരത്തിൽ സിംബാബ്വേക്കെതിരെയും പരാജയപ്പെട്ട പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇപ്പോൾ സെമി കാണാതെ പുറത്താകുന്ന വക്കിലാണ്. പാക്കിസ്ഥാൻ നായകൻ ബാബർ അസമിനെതിരെ കടുത്ത വിമർശനങ്ങൾ ആണ് ഇപ്പൊൾ ഉയരുന്നത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 8 റൺസ് ആണ് ഈ ലോകകപ്പിൽ താരം ഇതുവരെയും നേടിയിട്ടുള്ളത്. ഇന്ത്യക്കെതിരെ ഗോൾഡൻ ഡക്കായി പുറത്തായ താരം സിംബാബ്വെ,നെതർലാൻഡ്സ് എന്നിവർക്കെതിരെ നാല് റൺസ് വീതമെടുത്താണ് പുറത്തായത്. താരത്തിന്റെ മോശം ഫോമിന് പുറമേ മോശം ക്യാപ്റ്റൻസിക്കും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്.ഇപ്പോഴിതാ താരത്തിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം ഗൗതം ഗംഭീർ. പാക്കിസ്ഥാൻ- നെതർലാൻഡ്സ് മത്സരത്തിനിടയിലാണ് താരം വിമർശിച്ചത്.
“എൻ്റെ അഭിപ്രായത്തിൽ, നമ്മളുടെ കാര്യം ചിന്തിക്കുന്നതിന് മുൻപ് നമ്മൾ ടീമിൻ്റെ കാര്യം ആലോചിക്കണം. നിങ്ങളുടെ പ്ലാനുകൾ അനുസരിച്ചില്ല കാര്യങ്ങൾ പോകുന്നതെങ്കിൽ, നിർബന്ധമായും ഫഖർ സമാനെ ബാറ്റിംഗ് ഓർഡറിൽ മുകളിലേക്ക് കൊണ്ടുവരണം. ഇതാണ് സെൽഫിഷ്നെസ്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ സെൽഫിഷ് ആകുവാൻ എളുപ്പമാണ്. ബാബർ അസവും റിസ്വാനും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്ത് ഒരുപാട് റെക്കോർഡുകൾ ഉണ്ടാക്കാൻ എളുപ്പമാണ്. പക്ഷേ നിങ്ങൾ ഒരു നായകൻ ആണെങ്കിൽ, നിങ്ങളുടെ ടീമിനെ പറ്റി ആദ്യം ചിന്തിക്കണം.”- ഗംഭീർ പറഞ്ഞു.
മുൻ പാക്കിസ്ഥാൻ ഇതിഹാസ താരങ്ങളായ വസീം അക്രം,ഷോയിബ് അക്തർ എന്നിവരും താരത്തെ വിമർശിച്ചിരുന്നു. ബാബർ അസമിനോട് ഇരുവരും മിഡിൽ ഓർഡറിൽ ഇറങ്ങി ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച സൗത്ത് ആഫ്രിക്കക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം. അതിനിനായകമായ മത്സരത്തിൽ പാക്കിസ്ഥാന് വിജയം അനിവാര്യമാണ്. ബാബർ അസമിന്റെ നായക സ്ഥാനത്തിന് തീരുമാനമാകുന്നതും വ്യാഴാഴ്ച ആയിരിക്കും.