ഐപിഎൽ പതിനഞ്ചാം പതിപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ഈ മാസം 26 ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം.
രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണത്തെ ഐപിഎല്ലിന് ഉള്ളത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.
ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയൻ്റ്സും ആണ് പുതിയ രണ്ട് ടീമുകൾ.
ലക്നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഉപദേശകൻ ആണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ രണ്ടു സീസണുകളിൽ പഞ്ചാബ് കിംഗ്സിൻ്റെ നായകനായിരുന്ന രാഹുലാണ് ഇത്തവണ ഈ പുതിയ ടീമിനെ നയിക്കുന്നത്. ഈ രണ്ടു സീസണുകളിലും ടീമിനെ പ്ലേ ഓഫിൽ എത്തിക്കാൻ രാഹുൽ പരാജയപ്പെട്ടിരുന്നു. ഐപിഎൽ മെഗാ ലേലത്തിനു മുമ്പ് 17 കോടി രൂപയ്ക്കാണ് ലക്നൗലേക്ക് രാഹുൽ ചേക്കേറിയത്.
ഇപ്പോഴിതാ ലഖ്നൗ ക്യാപ്റ്റന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
ഐപിഎല്ലിൽ ഇത്തവണ ക്യാപ്റ്റൻ ആണെന്ന് കരുതി ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല എന്ന മുന്നറിയിപ്പാണ് മുൻ ഇന്ത്യൻ താരം രാഹുലിന് നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ആയ കെ എൽ രാഹുൽ രോഹിത്തിന്‍റെ അഭാവത്തിൽ സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചെങ്കിലും അതിലെല്ലാം പരാജയപ്പെടുകയും ചെയ്തു. മൂന്ന് ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും ആയിരുന്നു അദ്ദേഹം നായകനായത്.
” കളിക്കളത്തിനകത്തും പുറത്തും ലക്നൗ സൂപ്പർ ജയൻ്റ്സ് നയിക്കേണ്ടത് രാഹുലാണ്. എന്നെ സംബന്ധിച്ച് ടീമിൻ്റെ ക്യാപ്റ്റൻ എന്നതിനേക്കാള്‍ രാഹുൽ എന്ന ബാറ്റർ ആണ് ഏറ്റവും പ്രധാനം. മറിച്ച് നായകനായ അതോടൊപ്പം ബാറ്റും ചെയ്യുന്ന രാഹുലിനെ അല്ല വേണ്ടത്. ഈ വ്യത്യാസം നിങ്ങളെ മനസ്സിലാക്കിത്തരാൻ എനിക്ക് കഴിഞ്ഞു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”-ഗംഭീർ പറഞ്ഞു.
94 മത്സരങ്ങളിൽ നിന്നും 3273 റൺസ് രാഹുൽ ഇതുവരെ സ്കോർ ചെയ്തിട്ടുണ്ട്. 27 അർദ്ധ സെഞ്ച്വറികളും രണ്ടു സെഞ്ച്വറികളും ഇതിലുൾപ്പെടുന്നു.