ഓസീസിനെതിരെ തോറ്റാൽ ഗംഭീറിന്റെ കോച്ച് സ്ഥാനം തെറിക്കും. കർശന നിലപാടുമായി ബിസിസിഐ.

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പര ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് നേരിട്ട ഇന്ത്യയ്ക്ക് തിരികെ വരാനുള്ള ഒരു അവസരമാണ് ബോർഡർ ഗവാസ്കർ ട്രോഫി.

മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തണമെങ്കിൽ പരമ്പരയിൽ ഒരു വലിയ വിജയം ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇതിലുപരിയായി ഇന്ത്യയുടെ നിലവിലെ പരിശീലകനായ ഗൗതം ഗംഭീറിനും വളരെ നിർണായകമാണ് ബോർഡർ ഗവാസ്കർ ട്രോഫി. പരമ്പരയിൽ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നതെങ്കിൽ ഗൗതം ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ ബിസിസിഐ തയ്യാറാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. ഐപിഎല്ലിൽ കൊൽക്കത്തയെ വിജയകിരീടം ചൂടിച്ച ശേഷമാണ് ഗംഭീറിനെ ഇന്ത്യ തങ്ങളുടെ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തത്. എന്നാൽ ശ്രീലങ്കൻ മണ്ണിൽ ഒരു ഏകദിന പരാജയമാണ് ആദ്യം ഗംഭീറിനെ ഞെട്ടിച്ചത്. ശേഷം ന്യൂസിലാൻഡ് ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ഗംഭീറിന് നേരെ ഒരുപാട് വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി.

ഈ സാഹചര്യത്തിലാണ് വലിയ തീരുമാനങ്ങൾ എടുക്കാൻ ബിസിസിഐ തയ്യാറായിരിക്കുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വലിയ പരാജയം ഏറ്റുവാങ്ങുകയാണെങ്കിൽ ഗംഭീറിനെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ബിസിസിഐ മാറ്റുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ശേഷം ഇന്ത്യയുടെ ഏകദിന- ട്വന്റി20 ടീമുകളുടെ മാത്രം പരിശീലകനായാവും ഗംഭീർ തുടരുന്നത്

ഒരു പ്രമുഖ വാർത്താ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ പരാജയം നേരിടുകയാണെങ്കിൽ ബിസിസിഐ വിവിഎസ് ലക്ഷ്മണനെ പോലെയുള്ള മറ്റ് സ്പെഷലിസ്റ്റ് സ്റ്റാഫുകളെ ടെസ്റ്റ് പരിശീലക സ്ഥാനത്തേക്ക് നിശ്ചയിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഗംഭീർ ഏകദിനങ്ങളിലും ട്വന്റി20കളിലും മാത്രം ഇന്ത്യയുടെ പരിശീലകനായി തുടരും. പക്ഷേ ഇക്കാര്യം ഇതുവരെ ഗംഭീർ അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അഥവാ ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ ഈ തീരുമാനത്തിൽ ബിസിസിഐ മാറ്റം വരുത്താനും സാധ്യതയുണ്ട്.

വെള്ളിയാഴ്ച ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ചീഫായ അജിത് അഗാർക്കർക്കൊപ്പം 6 മണിക്കൂർ നീണ്ട ചർച്ചയിൽ ഗംഭീർ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് നായകനായ രോഹിത് ശർമയും ചർച്ചയിൽ ഉണ്ടായിരുന്നു. ന്യൂസിലാൻഡിനോട് ഏറ്റ പരാജയത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ഇതിനിടെ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാണ്. മാത്രമല്ല ടീം സെലക്ഷനെ സംബന്ധിച്ച് വലിയ രീതിയിലുള്ള സ്വരചേർച്ചകുറവും ഇന്ത്യയുടെ ടീമിൽ നിലനിൽക്കുന്നു എന്ന് പല റിപ്പോർട്ടുകൾ പുറത്തുവരുന്നു. എന്നിരുന്നാലും നിലവിൽ ബോർഡർ- ഗവാസ്കർ ട്രോഫി മാത്രമാണ് ഇന്ത്യയുടെ മുൻപിലുള്ള വലിയ ലക്ഷ്യം.

Previous article“എന്റെ കരിയറിൽ വിജയത്തെക്കാൾ പരാജയങ്ങളാണ് ഉള്ളത്” സഞ്ജു സാംസൺ മനസ് തുറക്കുന്നു.
Next articleഇതുവരെ കണ്ടത് ട്രൈലർ. ഇനി സഞ്ജു ഒരു നിമിഷം പാഴാക്കില്ല. സഹീർ ഖാൻ പറയുന്നു.