2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോൾ ഫൈനലിലെ ഹീറോകളായിരുന്നു മഹേന്ദ്ര സിംഗ് ധോണിയും ഗൗതം ഗംഭീറും. മത്സരത്തിൽ ഗംഭീർ 97 റൺസ് നേടിയപ്പോൾ മഹേന്ദ്ര സിംഗ് ധോണി 91 റൺസുമായി തകർപ്പൻ ഫിനിഷിംഗ് കാഴ്ചവച്ചു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അവിസ്മരണീയമായ ഏടു തന്നെയായിരുന്നു 2011 ലോകകപ്പ്.
എന്നാൽ ലോകകപ്പിന് ശേഷം ധോണിയ്ക്കെതിരായി പല പരാമർശങ്ങളും ഗൗതം ഗംഭീർ നടത്തിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ ധോണിയ്ക്ക് മാത്രം ക്രെഡിറ്റ് നൽകുന്നത് ശരിയല്ല എന്ന രീതിയിലാണ് ഗംഭീർ പലപ്പോഴും സംസാരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഗംഭീർ ആരാധകരും ധോണി ആരാധകരും തമ്മിൽ പരസ്പരം വാക്പോരുകളിൽ പോലും ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഗംഭീറിന്റെ ധോണിയെ കുറിച്ചുള്ള പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
നായകൻ എന്ന നിലയിൽ മഹേന്ദ്ര സിംഗ് ധോണിയുടെ മികവിനെ പ്രശംസിച്ചു കൊണ്ടാണ് ഗൗതം ഗംഭീർ സംസാരിച്ചത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു ടോപ്പ് ഓർഡർ ബാറ്ററായി ആയിരുന്നു ധോണി ആരംഭിച്ചത്. എന്നാൽ നായകനായതിന് ശേഷം ധോണി തന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുകൊണ്ട് മധ്യനിരയിലേക്ക് നീങ്ങി. ഒരു പക്ഷേ തന്റെ കരിയറിലുടനീളം ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്തിരുന്നുവെങ്കിൽ ധോണിക്ക് ഏകദിന ട്വന്റി20 മത്സരങ്ങളിലെ പല റെക്കോർഡുകളും തകർക്കാൻ സാധിച്ചേനെ എന്നാണ് ഗൗതം ഗംഭീർ പറയുന്നത്. അതിനാൽ തന്നെ ധോണി ഇന്ത്യൻ ടീമിനായി നടത്തിയ വലിയൊരു ത്യാഗം തന്നെയാണ് അദ്ദേഹത്തിന്റെ കരിയർ എന്ന് ഗംഭീർ സൂചിപ്പിക്കുന്നു.
“ധോണി തന്റെ കരിയറിന്റെ ആദ്യ സമയത്ത് മൂന്നാം നമ്പരായിരുന്നു ബാറ്റ് ചെയ്തിരുന്നത്. അത് തന്റെ കരിയറിൽ തുടരുകയായിരുന്നെങ്കിൽ ധോണിയ്ക്ക് നിരവധി റെക്കോർഡുകൾ തകർക്കാൻ സാധിക്കുമായിരുന്നു. എന്നാൽ നായകനായതോടെ ധോണി തന്റെ ബാറ്റിംഗിന്റെ ഒരു ഭാഗത്തെ എടുത്തു മാറ്റുകയുണ്ടായി. ഇന്ത്യൻ ടീമിന് ട്രോഫികൾ നേടാനായി ധോണി ചെയ്ത വലിയ ത്യാഗം തന്നെയാണത്. “- ഗൗതം ഗംഭീർ പറഞ്ഞു.
നായകനെന്ന നിലയിൽ ടീമിന്റെ വിജയത്തിനായി ആണ് ധോണി തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി ആയിരുന്നു മുൻനിരയിൽ നിന്ന് ധോണി മധ്യനിരയിലേക്ക് മാറിയത്. മധ്യനിരയിൽ ഒരു ഫിനിഷറുടെ റോൾ മികച്ച രീതിയിൽ കളിക്കാൻ ധോണിയ്ക്ക് സാധിച്ചു. ദീർഘനാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിനിഷറായി ധോണി കളിക്കുകയും ചെയ്തു. പല സമയത്തും ഇന്ത്യയെ സമ്മർദ്ദ ഘട്ടങ്ങളിൽ നിന്ന് വിജയത്തിലെത്തിക്കാൻ ധോണിക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ മിസ്റ്റർ ഫിനിഷർ എന്ന പേരുപോലും ധോണിക്ക് വന്നുചേർന്നിരുന്നു. ധോണി വിരമിച്ചിട്ട് ഇത്രയധികം കാലമായെങ്കിലും ഒരു പകരക്കാരനെ കണ്ടെത്താൻ ഇതുവരെ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല.