ഇന്ത്യൻ നിരയിലെ ക്ലാസ് ബാറ്റർമാരാണ് അജിങ്ക്യ രഹാനെയും കെ എൽ രാഹുലും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ ഈ ക്ലാസ് ബാറ്റർമാരുടെ മനോഭാവം വളരെ വ്യത്യസ്തമാണ്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സംതൃപ്തമായ പ്രകടനമല്ല കെ എൽ രാഹുൽ കാഴ്ചവയ്ക്കുന്നത്. എല്ലാ മത്സരങ്ങളിലും റൺസ് കണ്ടെത്താൻ കെ എൽ രാഹുലിന് സാധിക്കുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ രാഹുൽ വലിയ പരാജയമായി മാറുകയാണ്. സൂപ്പർ ജയന്റ്സിന്റെ അവസാന മത്സരത്തിലെ പരാജയത്തിലും രാഹുലിന്റെ ഈ സ്ട്രൈക്ക് റേറ്റ് വളരെ ബാധിച്ചിരുന്നു.
ഇതേസമയം അജീങ്ക്യ രഹാനെ തന്റെ കരിയറിൽ വലിയൊരു ട്രാൻസ്ഫർമേഷനിലൂടെയാണ് കടന്നുപോകുന്നത്. 2023ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഇതുവരെ വെടിക്കെട്ട് പ്രകടനങ്ങൾ മാത്രമാണ് രഹാനെ കാഴ്ച വെച്ചിട്ടുള്ളത്. ക്രീസിലെത്തിയ ഉടനെ ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്ന രഹാനെയേയാണ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണുന്നത്. രാഹുലിനും ഇത്പോലെ ഒരു മാറ്റം സംഭവിക്കേണ്ടത് അനിവാര്യമാണ് എന്നാണ് ഇന്ത്യൻ താരം ദോഡ്ഡ ഗണേഷ് പറയുന്നത്.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ഗണേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹാനെയേ പോലെ തന്നെ കെ എൽ രാഹുലും തന്റെ മനോഭാവം മാറ്റാൻ തയ്യാറാവണം എന്നാണ് ഗണേഷ് പറയുന്നത്. “തങ്ങളുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തിയാൽ വെടിക്കെട്ട് ബാറ്റിംഗുകൾ കാഴ്ചവയ്ക്കാൻ സാധിക്കും എന്ന് അജിങ്ക്യ രഹാനെ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതൊന്നും മനസ്സിലാകാത്ത വ്യക്തി രാഹുൽ മാത്രമാണ്.”- ഗണേഷ് പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ ലക്നൗവിനായി റൺസ് കണ്ടെത്താൻ രാഹുലിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരു മത്സരത്തിൽ പോലും മികച്ച സ്ട്രൈക്ക് റേറ്റിൽ മുൻപോട്ട് പോകാൻ രാഹുലിന് സാധിക്കുന്നില്ല. ഐപിഎല്ലിന്റെ പതിനാറാം സീസണിൽ ഇതുവരെ 262 റൺസാണ് രാഹുൽ നേടിയിരിക്കുന്നത്. 37.42 ശരാശരിയിലാണ് രാഹുൽ കളിക്കുന്നത്. എന്നാൽ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 113.91 മാത്രമാണ്. ലക്നൗവിന്റെ അവസാന മത്സരത്തിലെ, ഗുജറാത്തിനെതിരെയുള്ള പരാജയത്തിലും രാഹുലിന്റെ ഈ മെല്ലെപ്പോക്ക് കാരണമായിരുന്നു. 135 റൺസ് പിന്തുടർന്ന ലക്നൗവിനായി രാഹുൽ മത്സരത്തിൽ 61 പന്തുകളിൽ 68 ആണ് നേടിയത്. മാത്രമല്ല നിർണായ സമയത്ത് രാഹുലിന്റെ വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇതാദ്യമായല്ല രാഹുലിനെതിരെ ഇത്തരം വിമർശനങ്ങൾ മുൻ താരങ്ങൾ പുറത്തുവിടുന്നത്. കഴിഞ്ഞ സമയത്ത് ഇന്ത്യയുടെ മുൻ താരം വെങ്കിടേഷ് പ്രസാദ് അടക്കമുള്ളവർ രാഹുലിന്റെ ഇത്തരത്തിലുള്ള മനോഭാവത്തിനെതിരെ രംഗത്ത് വരികയുണ്ടായി. ട്വന്റി20 ക്രിക്കറ്റിന് രാഹുലിന്റെ മനോഭാവം ഒരു തരത്തിലും യോജിക്കുന്നില്ല എന്നായിരുന്നു വെങ്കിടേഷ് പ്രസാദ് അന്ന് പറഞ്ഞത്. എന്തായാലും രഹാനെ തന്റെ ബാറ്റിംഗിൽ വരുത്തിയ മാറ്റം പോലെ രാഹുലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.