ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകനാണ് മഹേന്ദ്ര സിംഗ് ധോണി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഐപിഎല്ലിന്റെ 2008 സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നട്ടെല്ലായി തന്നെയാണ് ധോണി കളിക്കാറുള്ളത്. 2023 ഐപിഎൽ സീസൺ പരിശോധിക്കുമ്പോഴും ധോണി അജയ്യനായി തന്നെ നിൽക്കുകയാണ്. തന്റെ ടീമിനെ ഐപിഎല്ലിന്റെ ഫൈനലിൽ എത്തിക്കാൻ ധോണിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്തിനെതിരെ കളിക്കുമ്പോൾ ധോണി നടത്തിയ ഒരു ചാണക്യ തന്ത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ പാതിരാനയ്ക്ക് പന്തറിയാനായി അമ്പയറോട് സംസാരിച്ച് ധോണി സമയം വൈകിപ്പിച്ചതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ അമ്പയറായ ഡാരിൽ ഹാർപ്പർ.
ധോണി മത്സരത്തിനിടെ ചെയ്തത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് എന്നാണ് ഹാർപ്പർ പറയുന്നത്. ഗുജറാത്ത് ടൈറ്റാൻസിനെതിരായ മത്സരത്തിലെ പതിനാറാം ഓവറിലായിരുന്നു സംഭവം നടന്നത്. കുറച്ചധികം സമയം മൈതാനത്തിന് പുറത്തായിരുന്നു പതിരാന നിന്നത്. അതിനാൽതന്നെ പതിനാറാം ഓവർ എറിയാനായി അത്രയും സമയം പതിരാനയ്ക്ക് മൈതാനത്ത് ചിലവഴിക്കേണ്ടതുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ധോണി അമ്പയർമാരോട് സംസാരിച്ച് മത്സരം വൈകിപ്പിക്കുകയായിരുന്നു. ശേഷം സമയം അതിക്രമിച്ചപ്പോൾ ബോൾ നൽകുകയും ചെയ്തു. ഇതാണ് ഹാർപ്പർ ചോദ്യം ചെയ്യുന്നത്.
“മത്സരത്തിലെ നിർണായകമായ പതിനാറാം ഓവർ പതിരാനയെ കൊണ്ട് എറിയിപ്പിക്കാനായി ധോണി മനപ്പൂർവം മത്സരം വൈകിപ്പിച്ചു. അമ്പയർമാരുടെ തീരുമാനത്തിനെതിരായി തന്നെയാണ് ധോണി ഈ സന്ദർഭത്തിൽ പ്രവർത്തിച്ചത്. മാത്രമല്ല ക്രിക്കറ്റിനോടുള്ള മാന്യത പുലർത്താനും ധോണിക്ക് സാധിച്ചില്ല. ചില സമയത്ത് ചില താരങ്ങൾ ക്രിക്കറ്റിന്റെ സ്പിരിറ്റിനേക്കാൾ ഒരുപാട് മുകളിലാണ്. അവരെ ക്രിക്കറ്റ് നിയമവും ബാധിക്കുന്നില്ല. വിജയിക്കാനായി ഏതറ്റംവരെയും പോകുന്ന ഇത്തരം നിലപാടുകൾ വളരെ നിരാശയുണ്ടാക്കുന്നുണ്ട്.”- ഹാർപ്പർ പറഞ്ഞു.
മത്സരത്തിൽ ധോണിയുടെ ഈ തന്ത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയുണ്ടായി. മത്സരസമയത്ത് ക്രീസിലുണ്ടായിരുന്ന ബാറ്റർമാർ ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല. എന്നാലും മത്സരശേഷം ഗുജറാത്ത് താരം വിജയ് ശങ്കർ ഇതിനെതിരെ സംസാരിക്കുകയുണ്ടായി. എന്തായാലും വരും ദിവസങ്ങളിൽ ധോണിയുടെ ഈ അംഗവിക്ഷേപങ്ങൾ വലിയ രീതിയിലുള്ള ചർച്ചയ്ക്ക് വഴിതെളിച്ചേക്കാം.