സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് സീനിയർ ടീം സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. യുവ താരങ്ങൾക്കും സീനിയർ താരങ്ങളായ ശിഖർ ധവാനും അശ്വിനും ടീമിലേക്ക് സ്ഥാനം ലഭിച്ചപ്പോൾ ഏറ്റവും അധികം ചർച്ചാവിഷയമായി മാറിയത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയെ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ റോളിൽ നിയമിച്ചതാണ്. രോഹിത് ശർമ്മ പരിക്ക് കാരണം ഏകദിന ടീമിൽ നിന്നും തന്നെ പിന്മാറിയപ്പോൾ രാഹുലാണ് ക്യാപ്റ്റൻ റോളിൽ എത്തുന്നത്. ഒരുവേള ശ്രേയസ് അയ്യർ,റിഷാബ് പന്ത് ഇവരിൽ ആരെങ്കിലും ഇന്ത്യൻ ടീമിനെ സൗത്താഫ്രിക്കക്ക് എതിരെ പരമ്പരയിൽ ഉപനായകൻ റോളിൽ നയിക്കുമെന്ന് കരുതിയെങ്കിലും എല്ലാവരെയും ഞെട്ടിക്കുന്നതായ ഒരു തീരുമാനമാണ് സെലക്ഷൻ കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത്.
അതേസമയം ഈ ഒരു തീരുമാനത്തിന് പിന്നിലുള്ള പ്ലാനാണ് ഇപ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളിൽ നിന്നും കയ്യടികൾ നേടുന്നത്. നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ വിശ്വസ്ത പേസറാണ് ബുംറ.കൂടാതെ സ്ഥിരതയാർന്ന അനേകം പ്രകടനങ്ങളാൽ മികവ് പുറത്തെടുക്കുന്ന ബുംറക്ക് ഒരു അംഗീകാരമായിട്ടും കൂടി ഈ ഉപനായകന്റെ റോൾ നൽകാൻ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ എല്ലാം തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നു.മികച്ച ക്രിക്കറ്റ് ബ്രയിനുള്ള ബുംറക്ക് ക്യാപ്റ്റൻസി റോൾ കേവലം ഒരു പരമ്പരയിലാണെങ്കിൽ പോലും നൽകുന്നത് മികച്ചതാകുമെന്നാണ് സെലക്ഷൻ കമ്മിറ്റി ചിന്താഗതി.
ഈ സർപ്രൈസ് തീരുമാനത്തെ വാനോളം പുകഴ്ത്തിയാണ് മുൻ ചീഫ് സെലക്ടർ എം.എസ്. പ്രസാദ് രംഗത്ത് എത്തിയത്. “ഐപിൽ ക്യാപ്റ്റൻസിയും നാഷണൽ ടീം ക്യാപ്റ്റൻസിയും തമ്മിൽ ധാരാളം വ്യത്യാസങ്ങളുണ്ട്. കൂടാതെ ഒരു ദേശീയ ടീമിനെ നയിക്കുമ്പോൾ സമ്മർദ്ദം വളരെ വലുതാണ്.ജസ്പ്രീത് ബുംറ എക്കാലവും വളരെ യുക്തിസഹനായ അസാധ്യനായ ചെറുപ്പക്കാരനാണ്. അപ്പോൾ നാം എന്തുകൊണ്ട് അദ്ദേഹത്തിന് വൈസ് ക്യാപ്റ്റൻസി റോളിലൂടെ ഒരു പ്രതിഫലം നൽകി കൂടാ.ഞാൻ ഈ ഒരു സൂപ്പർ തീരുമാനത്തെ ഇഷ്ടപെടുന്നു. എന്താണ് നമുക്ക് ഒരു ബൗളറെ ക്യാപ്റ്റനാക്കിയാൽ. അവൻ ടീമിനായി മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നുണ്ട് എങ്കിൽ എന്താണ് അങ്ങനെ ചിന്തിച്ചാൽ കുഴപ്പം.”മുൻ ചീഫ് സെലക്ടർ ചോദിച്ചു.