2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനിടെയിരുന്നു കെ എൽ രാഹുലിന് പരിക്കേറ്റത്. ശേഷം രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ അടക്കമുള്ള മത്സരങ്ങൾ നഷ്ടമായിരുന്നു. ഇതിന് പിന്നാലെ വരാനിരിക്കുന്ന ഏഷ്യാകപ്പും 50 ഓവർ ലോകകപ്പും രാഹുലിന് നഷ്ടമാകും എന്ന റിപ്പോർട്ടുകളും പുറത്തുവരികയുണ്ടായി. ഈ സാഹചര്യത്തിൽ വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ പര്യടനത്തിൽ രാഹുലിനെ പരിഗണിച്ചിരുന്നില്ല. രാഹുലിന്റെ അഭാവം ഇന്ത്യയെ വരും മത്സരങ്ങളിൽ ബാധിക്കും എന്ന കാര്യം ഉറപ്പാണ്. 2023ലെ ഏകദിന ലോകകപ്പിൽ കെ എൽ രാഹുലിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ പകരക്കാരനായി ആരെ ടീമിൽ എത്തിക്കണം എന്ന കാര്യത്തിലും ഇന്ത്യൻ ടീമിൽ ആശങ്കകൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ലോകകപ്പിലേക്ക് രാഹുലിന്റെ പകരക്കാരനെ നിശ്ചയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ഗുജറാത്ത് ടൈറ്റൻസിന്റെ യുവതാരമായ സായി സുദർശനെ ഇന്ത്യ രാഹുലിനു പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ശിവരാമകൃഷ്ണൻ പറയുന്നത്.
രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്നും ശിവരാമകൃഷ്ണൻ പറയുന്നു. ഇത്തരത്തിൽ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മാത്രമേ രാഹുലിന് ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താൻ അവസരം നൽകാവൂ എന്നാണ് ശിവരാമകൃഷ്ണന്റെ അഭിപ്രായം. “പരിക്കിനുശേഷം തന്റെ ബാറ്റിംഗ് ഫോമിലേക്ക് തിരികെയെത്താൻ കെ എൽ രാഹുലിനെ കൊണ്ട് ആഭ്യന്തര മത്സരങ്ങൾ കളിപ്പിച്ചേ മതിയാകൂ. അത്ര എളുപ്പത്തിൽ രാഹുലിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ സാധിക്കരുത്. അന്താരാഷ്ട്ര മത്സരങ്ങൾക്കായി നല്ല രീതിയിൽ നെറ്റ്സിൽ രാഹുൽ കഠിനാധ്വാനം ചെയ്യുകയും വേണം.”- ശിവരാമകൃഷ്ണൻ പറയുന്നു.
രാഹുലിന് പരിക്കുപറ്റിയ സാഹചര്യത്തിൽ പകരക്കാരനായി ഏറ്റവുമധികം ഉയർന്നു വന്ന പേരുകൾ സഞ്ജു സാംസണിന്റെയും ഇഷാൻ കിഷന്റെയും ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു അഭിപ്രായവുമായി ഇന്ത്യൻ താരം രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മികച്ച പ്രകടനമായിരുന്നു സായി സുദർശൻ കാഴ്ചവച്ചത്. ഐപിഎൽ ഫൈനലലിടക്കം മികവ് പുലർത്താൻ സായിക്ക് സാധിച്ചു.
2023 ഐപിഎല്ലിൽ 8 മത്സരങ്ങളിൽ നിന്ന് 51.71 റൺസ് ശരാശരിയിൽ 362 റൺസ് ആയിരുന്നു സായി സുദർശൻ നേടിയത്. 141 എന്ന ഉഗ്രൻ സ്ട്രൈക്ക് റേറ്റിലാണ് സുദർശൻ കളിച്ചത്. ഐപിഎല്ലിന്റെ പതിനാറാം എഡിഷനിൽ മൂന്ന് അർധസെഞ്ച്വറികൾ സായി സുദർശൻ നേടുകയുണ്ടായി. ഇത്തരം പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഇനിയും സായി സുദർശന് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഇത്തരമൊരു താരത്തെ ഉയർത്തിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്.