ധോണി എന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ ഫിനിഷർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ എല്ലാവരും കരുതിയിരുന്നത് ആ വിടവ് നികത്താൻ പന്തിന് ആകുമെന്നായിരുന്നു. അതിനുവേണ്ടി ഇന്ത്യൻ യുവതാരത്തെ ബിസിസിഐ ഒരുപാട് സപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ചില മത്സരങ്ങളിൽ തിളങ്ങുന്നത് അല്ലാതെ സ്ഥിരതയാർന്ന പ്രകടനം ഇതുവരെയും പുറത്തെടുത്തിട്ടില്ല.
കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നായകനെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വമുള്ള താരം കൂടുതൽ അലസമായാണ് ആ പരമ്പരയിലുടനീളം കളിച്ചത്. ഒക്ടോബറിൽ ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യക്ക് പന്ത് എന്ന വിക്കറ്റ് കീപ്പറെ ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാൽ പലരും ഇല്ല എന്നായിരിക്കും മറുപടി പറയുക. കാരണം മികച്ച ഫോമിൽ നിൽക്കുന്ന കാർത്തികും ഹർദിക് പാണ്ട്യയും തന്നെ. ഇവരെ കൂടാതെ മലയാളി താരം സഞ്ജു സാംസണും അവസരത്തിനു വേണ്ടി കാത്തിരിക്കുണ്ട്. ഇപ്പോഴിതാ പന്തിനെ കുറിച്ച് സംസാരിക്കുകയാണ് പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..
“ഋഷഭ് പന്തിന്റെ ഫിറ്റ്‌നസ് അത്ര നിലവാരം പുലർത്തിയിട്ടില്ല, അത് വളരെ കുറവാണ്. ഇത് വളരെ സാധാരണമാണെന്നാണ് ഞാൻ പറയുക. കോഹ്‌ലി നായകസ്ഥാനം ഏറ്റെടുക്കുമ്പോൾ ടീമിന്റെ ഫിറ്റ്‌നസ് നിലവാരത്തിൽ വലിയ മാറ്റമുണ്ടായി. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് പന്ത് പിന്നിലാണ്.രോഹിത് ശർമ്മയും അത്ര ഫിറ്റല്ലെങ്കിലും അവൻ ഒരു ബാറ്റ്സ്മാൻ മാത്രമാണെന്ന് ഓർക്കാം. എന്നാൽ പന്ത് വിക്കറ്റ് കീപ്പറായതിനാൽ ഫിറ്റ്നസ് മെച്ചപ്പെടുത്തേണ്ടതുണ്ട്.
പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരു കാര്യം മനസ്സിലായി. പന്ത് ഫാസ്റ്റ് ബൗളറുമാർ പന്തെറിയുമ്പോൾ സാധരണ വിക്കറ്റ് കീപ്പറുമാർ ഇരിക്കുന്ന പോലെ ഇരിക്കുന്നില്ല.അവൻ ഇങ്ങനെ ചെയ്യാൻ കാരണം അമിത ഭാരം കാരണം എഴുനേൽക്കാൻ ബുദ്ധിമുട്ടുള്ളതിനാലാകാം. അവൻ പൂർണ്ണമായും ഫിറ്റാണോ എന്നതിൽ സംശയമുണ്ട്.വിരാട് കോഹ്ലിയെ കണ്ടുപഠിക്കണം,അദേഹം അത്ര നല്ല രീതിയിലാണ് ഫിറ്റ്നസ് ശ്രദ്ധിക്കുന്നത്.”- മുൻ പാക് താരം പറഞ്ഞു.