രോഹിത് ശർമ്മയ്ക്ക് കൊവിഡ് പിടിപ്പെട്ടതോടെ, ജൂലായ് ഒന്നിന് ബർമിംഗ്ഹാമിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ വീണ്ടും ഷെഡ്യൂൾ ചെയ്ത ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ ആര് നയിക്കും എന്ന ചോദ്യം ഉയരുകയാണ്. ഇന്ത്യൻ ക്യാമ്പിൽ COVID-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞ വർഷം ടെസ്റ്റ് നിര്‍ത്തിവച്ചത്. പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.
രോഹിതിന്റെ ലഭ്യത ഒരു പ്രശ്‌നമായി തുടരുമ്പോള്‍ പകരം ആര് നയിക്കും എന്ന സാധ്യതകള്‍ ചൂണ്ടികാട്ടുകയാണ് ,മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം സ്പിന്നർ ഡാനിഷ് കനേരിയ. രോഹിത് ശര്‍മ്മയുടെ പകരക്കാരനായി ഋഷഭ് പന്ത് എത്തുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. “അദ്ദേഹത്തിന് ക്യാപ്റ്റൻ ആകാനുള്ള പക്വത പോലുമില്ല. രോഹിത് ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നത് സംശയമാണ്. നമുക്ക് നോക്കാം,” ഡാനിഷ് കനേരിയ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.
“നമ്മൾ ക്യാപ്റ്റൻസിയെക്കുറിച്ച് സംസാരിക്കുമ്പോൾ, മൂന്ന്-നാല് പേരുകൾ ഉയർന്നുവരുന്നു, വിരാട് കോഹ്‌ലിയുടെ പേരില്ല. കോഹ്‌ലിയുടെ പേര് നിർദ്ദേശിക്കാത്തതിൽ ഞാൻ അത്ഭുതപ്പെട്ടു. പന്തിന്റെ പേരുണ്ട്, ജസ്പ്രീത് ബുംറയുടെ പേരുണ്ട്. ചേതേശ്വര്‍ പൂജാര ഇത്രയും കാലം കളിക്കുന്നതിനാൽ, ടീമിലെ ഏറ്റവും സീനിയർ കളിക്കാരനാണ്, രോഹിത് ശർമ്മ ഇല്ലെങ്കിൽ അദ്ദേഹത്തിന് ടീമിനെ നയിക്കാനാകും. നിങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്ഷൻ വിരാട് കോഹ്‌ലിയാണ്. അവനെ ക്യാപ്റ്റനാക്കുക. രവിചന്ദ്രൻ അശ്വിൻ ആണ് നായകനാകാൻ വരുന്ന മറ്റൊരു പേര്
“രോഹിത് ശർമ്മ ഇല്ലെങ്കിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും മികച്ച ഒപ്ഷനാണ് വീരാട് കോഹ്‌ലി. നിങ്ങൾക്ക് അശ്വിനും ഉണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പന്തിന് ക്യാപ്റ്റൻ സ്ഥാനം നൽകി, അവൻ മോശം ക്യാപ്റ്റന്‍സി ചെയ്തു. ഋഷഭ് പന്ത് ക്യാപ്റ്റൻസി ചെയ്യുമ്പോൾ സ്വന്തം ബാറ്റിംഗ് തകരുന്നു. ഇനി ക്യാപ്റ്റൻ ആകരുത്. രവിചന്ദ്രൻ അശ്വിൻ ഒരു നല്ല ഒപ്ഷനായിരിക്കും. ഭാരം ബുംറയുടെ മേൽ പാടില്ല. അവൻ തന്റെ ബൗളിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് ടെസ്റ്റ് ക്രിക്കറ്റാണ്. ഞാൻ ബുംറയെയോ പന്തിനെയോ ക്യാപ്റ്റൻസിയിൽ നിർത്തില്ല.” കനേരിയ അഭിപ്രായപ്പെട്ടു